ചാത്തന്നൂർ : പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് നിരവധി പെൺകുട്ടികളെ ചതിച്ചതായി തെളിവുണ്ടെന്ന് പോലീസ്.
പരവൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പാരിപ്പള്ളി പാമ്പുറം സന്ധ്യാ നിവാസിൽ കണ്ണൻ എസ് മോഹനാ (മായാ കണ്ണൻ – 21 ) ണ് ജയിലിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ് . ജയിലിലായ യുവാവിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
പ്ലസ് ടു വിദ്യാർഥിനിയായ ചാത്തന്നൂർ സ്വദേശിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കണ്ണൻ എസ് മോഹൻ പിടിയിലായത്.
പോലീസ് പറയുന്നത് : പാരിപ്പള്ളിയിലെ ഒരു സിനിമാ തീയറ്ററിലെ ജീവനക്കാരനാണ് കണ്ണൻ. പ്രണയം നടിച്ച് പെൺകുട്ടികളെ വർക്കലയിലെ റിസോർട്ടുകളിലെത്തിച്ച് പീഡനത്തിനിരയാക്കി. തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
സിനിമാ തീയേറ്ററിലെത്തുന്നതും സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നതുമായ പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കും.
തുടർന്ന് പെൺകുട്ടികളുടെ ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറി എടുത്ത് പീഡനത്തിനിരയാക്കും. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും.
പ്രതിയിൽ നിന്നും പോലീസ് മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഫോണുകളിൽ നിന്ന് ഒട്ടേറെ പെൺകുട്ടികളെ ചതിച്ചതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ചാത്തന്നൂരിലെ പെൺകുട്ടി മരിച്ച വ്യാഴാഴ്ച രാത്രി തന്നെ കണ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി അറിഞ്ഞു.
പെൺകുട്ടിയുടെ ബുക്കുകളിലെ കുറിപ്പുകളിൽ നിന്നും ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളാണ് വേഗം കണ്ണനിലെത്തിച്ചേരാൻ പോലീസിന് അവസര മൊരുക്കിയത്.
ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാർ, എസ് ഐ ആശാ വി രേഖ, സുരേഷ് കുമാർ, ഷാജി, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.