കോയന്പത്തൂർ: മയക്കമരുന്ന് ഉപയോഗിക്കുന്നത് നിസാര സന്തോഷത്തിനും വിനോദത്തിനും വേണ്ടിയാണെങ്കിലും പിന്നീടിത് മനുഷ്യനെ ഇതിലേക്ക് അടിമയാക്കും. ഈ ശീലം ആരോഗ്യത്തെയും സാമൂഹ്യക്ഷേമത്തെയും തകർക്കുന്നതാണ്.
ഇതുമൂലം വ്യക്തി, കുടുംബം, സമൂഹം എന്നിവർക്ക് നിരവധി ദൂഷ്യങ്ങളുണ്ടാക്കുന്നു. തമിഴ്നാട്ടിൽ 42,000 ലധികം ഫാർമസികളുണ്ട്. കോയന്പത്തൂർ ജില്ലയിൽ മാത്രം 2500ൽ അധികം റീട്ടെയിൽ ഫാർമസികൾ പ്രവർത്തിക്കുന്നു. ആരോഗ്യവകുപ്പ് ഉത്തരവിന്റെ പേരിൽ ഡോക്ടർമാരുടെ മരുന്ന് കുറിപ്പടിയില്ലാതെ മരുന്നു നല്കാൻ പാടില്ല.
ഏതാനും സ്റ്റോറുകളിൽ മെഡിക്കൽ കുറിപ്പടി ബില്ലുകൾ ഇല്ലാതെമരുന്നുകൾ വിറ്റതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കോയന്പത്തൂരിലെ വിവിധ ഫാർമസികൾ ഡോക്ടറുടെ ശിപാർശയില്ലാതെ നിലവിൽ മരുന്നുവില്ക്കുന്നില്ല. പക്ഷേ, കുറച്ച് സ്റ്റോറുകളിൽ മാനസികരോഗികൾ ഉപയോഗിക്കുന്ന ഗുളികകൾ വൻതോതിൽ വില്പന നടക്കുന്നു.
ഈ ടാബ്ലെറ്റുകൾ കോയന്പത്തൂരിലെ യുവാക്കൾ കൂടുതൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. കോയന്പത്തൂർ ഗവണ്‍മെൻറ് ഹോസ്പിറ്റലിൽ പലപ്പോലും മയക്കുമരുന്നുകൾ കാണാതാവുന്നതായി ആശുപത്രി അധികൃതർ ഡോക്ടർമാർക്കു പരാതി നല്‍കിയിട്ടുണ്ട്.
കോയന്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ പെരിയയ്യ കോയന്പത്തൂരിൽ ഡോക്ടറുടെ ശിപാർശ ഇല്ലാതെ മരുന്നുകൾ വില്ക്കാൻ പാടില്ലെന്ന് മെഡിക്കൽ അസോസിയേഷനു മുന്നറിയിപ്പുനല്‍കി.
ഏതെങ്കിലും സ്റ്റോറുകളിൽ നിയമവിരുദ്ധമായി ഇവ വില്ക്കുന്നുണ്ടെങ്കിൽ സ്റ്റോറിന്റെ ലൈസൻസ് റദ്ദാക്കി നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ ശരിയായി സ്റ്റോക്കുകൾ പരിശോധിക്കണമെന്നും നിയമവിരുദ്ധ നടപടികൾ തടയാൻ ജനങ്ങളും പോലീസിനെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.