ഹൈദരാബാദ്: ടോളിവുഡിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സൂപ്പർ താരങ്ങളടക്കം നിരവധിപേർ കുടുങ്ങുമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഡയറക്ടർമാർ, അഭിനേതാക്കൾ എന്നിവരുൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള 12 പേർക്കാണ് തെലങ്കാന എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നോട്ടീസ് നൽകിയിരിക്കുന്നത്.
ഈ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ നടൻമാരായ പി. സുബ്ബ രാജു, തരുണ്‍ കുമാർ, പി. നവദീപ്, നടി ചാർമി എന്നിവരെ പോലീസ് ചോദ്യം ചെയ്തു. ടോളിവുഡ് താരവും ഐറ്റം ഡാൻസറുമായ മുമൈത് ഖാനെ ഇന്ന് ചോദ്യം ചെയ്യും. ഹൈദരാബാദിൽ വെച്ചാവും മുമൈത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് കേസിൽ മുമൈത്ത് ഖാനെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടർ അകുൻ സബർവാളും സ്ഥിരീകരിച്ചിട്ടുണ്ട്. തെലുങ്ക് സൂപ്പർ താരം രവി തേജയെ ഈ ആഴ്ചചോദ്യംചെയ്യും.
നംപള്ളിയിലെ എസ്ഐടിയുടെ ഓഫീസിൽ ഇന്നലെ രാവിലെ ചാർമിയെ ചോദ്യം ചെയ്തിരുന്നു. അഞ്ചു മണിക്കൂർ താരത്തെ ചോദ്യം ചെയ്തു. ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ അഞ്ചുപേർ അടങ്ങുന്ന സംഘമാണ് താരത്തെ ചോദ്യം ചെയ്തത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ എസ്ഐടി പുറത്തുവിട്ടിട്ടില്ല. എക്സൈസ് ഒാഫീസിലെത്തിയ തന്നോട് കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന് ചാർമി ചോദ്യം ചെയ്യുന്ന എസ്ഐടി ഉദ്യോഗസ്ഥർക്ക് മുന്‍പാകെ പരാതി നൽകി.
ചോദ്യംചെയ്യൽ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരിക്കണമെന്നു ചൂണ്ടിക്കാട്ടി ചാർമി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയുള്ള സമയത്ത് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലേ ചാർമിയെ ചോദ്യംചെയ്യാവൂ എന്നു കോടതി നിർദേശം നൽകിയിരുന്നു. ചാർമിയുടെ സമ്മതമില്ലാതെ അവരുടെ തലമുടി, രക്തം, നഖങ്ങൾ എന്നിവയുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണു ചാർമി ചോദ്യംചെയ്യലിനായി ഹാജരായത്.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമാ മേഖലയിൽനിന്ന് എസ്ഐടിയുടെ മുന്നിൽ ഹാജരാകുന്ന ഏഴാമത്തെയാളാണു ചാർമി. സംവിധായകൻ ചിന്ന എന്ന ധർമ റാവു, പുരി ജഗന്നാഥ്, ഛായാഗ്രഹകൻ ശ്യാം കെ. നായിഡു, നടൻമാരായ പി. സുബ്ബ രാജു, തരുണ്‍ കുമാർ, പി. നവദീപ് എന്നിവരെ നേരത്തേ എക്സൈസ് ചോദ്യംചെയ്തിരുന്നു. മയക്കു മരുന്ന് കേസുമായി ബന്ധമുള്ള സിനിമ താരങ്ങളടക്കമുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചലച്ചിത്രവകുപ്പ് മന്ത്രി തലാസ്നി ശ്രീനിവാസ് യാഥവ് പറഞ്ഞു. കേസിൽ താരങ്ങളെ ചോദ്യം ചെയ്യുന്നതിൽ തെലുങ്ക് സിനിമ മേഖലയിലുള്ള ചില താരങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
മയക്കുമരുന്ന് ഇടപാടിലെ മുഖ്യസൂത്രധാരനായ കൽവിൻ മസ്കരാനസിനെ നേരത്തേ അറസറ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോണിൽനിന്നാണു നടിയുടെയും മറ്റു ചലച്ചിത്രപ്രവർത്തകരുടെയും കോൾലിസ്റ്റ് കണ്ടെടുത്തത്. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഇയാളുടെ അഭിഭാഷകന്റെ അവകാശവാദം. കേസുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്ത അന്വേഷണസംഘം ഏഴു കേസുകൾ രജിസ്റ്റർ ചെയ്തു.