കൊച്ചി: കോവിഡ് മഹാമാരിക്കുശേഷം ഉയര്‍ന്ന തോതിൽ വിവിധയിനം മയക്കുമരുന്നുകള്‍ കേരളത്തിലേക്കു എത്തിക്കുന്നതായി വിവരം ലഭിച്ചതായി പോലീസ്.
ഉപയോഗത്തിനും വില്പനയ്ക്കുമായാണു മയക്കുമരുന്നുകള്‍ എത്തിക്കുന്നതെന്നും ഇവ തടയുന്നതിന്റെ ഭാഗമായി മുന്‍കുറ്റവാളികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, അനധികൃതമായി റേവ് പാര്‍ട്ടി നടത്തുന്ന സംഘാടകര്‍ മുതലായവരെ നിരീക്ഷിക്കുകയും സംശയാസ്പദമായവരുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതുമായി അധികൃതര്‍ വ്യക്തമാക്കുന്നു.
കൊച്ചി സിറ്റിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് സംയുക്ത പരിശോധന നടത്തിവരുന്നതായും തുടര്‍ച്ചയായ പെട്രോളിംഗ് സംഘടിപ്പിക്കുന്നതായും പോലീസ് വ്യക്തമാക്കി.
വലിയ തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്കു അംഗീകാരവും നല്‍കിവരുന്നുണ്ട്. മയക്കുമരുന്ന് മാഫിയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ ആയോ, ഓഡിയോ ആയോ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പറിലേക്കോ 9497980430 എന്ന ഡാന്‍സാഫ് നമ്പറിലേക്കോ അറിയിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് സംഘം കൊച്ചിയില്‍ പിടിയിലായതോടെയാണു അന്വേഷണം വ്യാപിപിക്കുന്നത്. സംഘത്തിലെ പ്രധാനിയായ ചിലവന്നൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന വടുതല കോല്‍പ്പുറത്ത് വീട്ടില്‍ നെവിന് അഗസ്റ്റിന്(28), നെവിന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പന്‍കാവ് ഇലഞ്ഞിക്കല്‍ വീട്ടില്‍ ലെവിന്‍ ലോറന്‍സ് (28), മയക്കുമരുന്ന് ഉപയോഗിക്കുകയും ഇവ ചെറിയ തോതില്‍ വില്പന നടത്തുകയും ചെയ്യുന്ന പച്ചാളം സ്വദേശി കോമരോത്ത് കെ.ജെ. അമല്‍ (22), അയ്യപ്പന്‍കാവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അക്ഷയ് (22) എന്നിവരെയാണു പിടികൂടിയത്.
നാര്‍കോട്ടിക് സെല്‍ എസിപി കെ.എ. തോമസിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് നടത്തിയ റെയ്ഡില്‍ 721 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 1.08 ഗ്രാം ഹാഷിഷ്, 20 ഗ്രാം കഞ്ചാവ്, 804500 രൂപ എന്നിവയാണു പിടിച്ചെടുത്തിരുന്നത്.
കൊച്ചി നഗരത്തില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ അളവില്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒരുമിച്ച് പിടികൂടുന്നത്. ഇതോടെയാണു പരിശോധനകള്‍ വ്യാപകമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.