കൊച്ചി: നിശാപാർട്ടികൾക്കുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണി അതിമാരകമായ ലഹരിമരുന്നുകളുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോട്ടയം ഈരാറ്റുപേട്ട പള്ളിത്താഴ വീട്ടിൽ കുരുവി അഷ്റു എന്ന് വിളിക്കുന്ന സക്കീറിനെ (33) ആണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്.
രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയിൽ, 95 എണ്ണം അൽപ്രാസോളം മയക്ക് മരുന്ന് ഗുളികകൾ, 35 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ എന്നിവ ഇയാളിൽനിന്നും കണ്ടെടുത്തു. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
തൃശൂരിൽനിന്ന് മയക്ക് മരുന്നുകളുമായി ഇയാൾ ആലുവ ഭാഗത്തേയ്ക്കു വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീം ഇയാളെ നിരീക്ഷിച്ച് വരികെ ആലുവ കുട്ടമശേരിക്കടുത്തുവച്ച് ഇയാളുടെ കാർ എക്സൈസ് ഷാഡോ സംഘം തടയുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടിയ ഇയാളെ ഷാഡോ ടീം ഓടിച്ചിട്ടാണ് പിടികൂടിയത്. തുടർന്ന് ഇയാളെ മയക്കുമരുന്നുകളുമായി കാർ അടക്കം കസ്റ്റഡിയിൽ എടുത്തു.
അന്താരാഷ്ട വിപണിയിൽ ഇതിന് രണ്ട് കോടിയിൽപരം രൂപ വിലമതിക്കുമെന്ന് അധികൃതർ പറഞ്ഞു. ഹിമാചൽ പ്രദേശിലെ കുളു – മണാലി എന്നിവിടങ്ങളിൽനിന്ന് ഏജന്റുമാർ വഴിയാണ് ഇയാൾ ഹാഷിഷ് ഓയിൽ കേരളത്തിൽ എത്തിക്കുന്നത്. ഗ്രീൻ ലേബൽ ഇനത്തിൽ പെടുന്ന ഹാഷിഷ് ഓയിലിന് ആവശ്യക്കാർ ഏറെയാണ്. മായം ചേർക്കാത്ത മയക്കുമരുന്നുകൾ വിൽക്കുന്നതുകൊണ്ട് ഇയാളുടെ മയക്ക് മരുന്നുകൾക്ക് വൻ ഡിമാന്റാണത്രേ.
മുൻകൂട്ടി ലഭിക്കുന്ന ഓർഡർ അനുസരിച്ചാണ് ഇയാൾ നിശാപാർട്ടികൾക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. ക്യാൻസർ രോഗികൾക്ക് കീമോതറാപ്പി ചെയ്യുന്നതിനും അമിതമായ ഉത്കണ്ഠ- ഭയം എന്നിവ ഉള്ളവർക്ക് നൽകുന്നതുമായ അതി മാരകമായ മയക്ക് മരുന്നാണ് അൽപ്രാസോളം.
മാനസിക വിഭാന്തിയുള്ളവർക്കു സമാശ്വാസത്തിനായി നൽകുന്നതാണ് നൈട്രോസെപാം ഗുളികകൾ. ഈരാറ്റുപേട്ട സ്വദേശിയായ ഇയാൾ ഇപ്പോൾ ആലുവ കുട്ടമശേരിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പെരുന്പാവൂർ, വല്ലം കൊച്ചങ്ങാടി എന്ന സ്ഥലത്ത് ബ്യൂട്ടി പാർലർ നടത്തുന്ന ഇയാൾ ഇത് മറയാക്കി വർഷങ്ങളായി കഞ്ചാവ് വിൽപ്പന നടത്തി വരുകയായിരുന്നുവെന്ന് എക്സൈസ് സംഘം പറയുന്നു.
മൈസൂർനിന്നും മൈസൂർ മാങ്കോ എന്ന ഇനത്തിൽപ്പെടുന്ന കഞ്ചാവ് എടുത്ത് കൊണ്ടുവന്ന് നാട്ടിൽ വിൽപ്പന നടത്തി വന്നിരുന്ന ഷക്കീർ , ഇയാളുടെ ഒരു സുഹൃത്ത് വഴി ബംഗ്ളൂരിൽവച്ച് പരിചയപ്പെട്ട ഒരു ഇറാനിയൻ സ്വദേശി വഴിയാണ് കുളു – മണാലി എന്നിവിടങ്ങളിൽനിന്ന് ഹാഷിഷ് ഓയിൽ വാങ്ങാൻ തുടങ്ങിയത്.
ഇറാനിയൻ സ്വദേശിയുടെ ഏജൻറുമാർ വഴി ടെലിഗ്രാം മെസഞ്ചർ വഴിയാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. ടെലിഗ്രാം മെസഞ്ചർ വഴി ലഭിക്കുന്ന നിർദേശമനുസരിച്ച് ഇയാൾ തൃശുർ – പാലക്കാട് എന്നിവിടങ്ങളിൽവച്ചാണ് ഹാഷിഷ് ഓയിൽ വാങ്ങിയിരുന്നത്.
മയക്ക് മരുന്നുകൾ ഉപയോഗിക്കുന്നവിധവും ഇയാൾ വിവരിച്ച് നൽകിയിരുന്നു. ഏറ്റവും മാരകമായ ഉൻമാദ ലഹരി ഉത്പന്നങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുന്നതെന്ന് അധികൃതർ അറിയിച്ചു. അഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും, ഉൻമാദ അവസ്ഥയിൽ ആയിരിക്കുന്നതിനും വേണ്ടിയാണ് ഇയാൾ മയക്കു മരുന്ന് വിപണനം നടത്തിയിരുന്നതെന്ന് ഇൻസ്പക്ടർ ടി.കെ. ഗോപി അറിയിച്ചു.
ഇയാൾക്ക് മയക്കു മരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തെക്കുറിച്ച് സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പകളുടെ സഹകരണത്തോടെയും സമഗ്ര അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഇത് ആദ്യമായാണ് കേരള ത്തിൽ ഇത്രയുമധികം അൽപ്രോസോളം മയക്ക് മരുന്ന് ഗുളികകൾ കണ്ടെടുക്കുന്നത്. മരുന്ന് കന്പനികളുടെ മറവിൽ ഇത്തരം ഗുളികകൾ വിൽപ്പന നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഇത്തരം മയക്കുമരുന്നുകൾ മെഡിക്കൽ സ്റ്റോറുകാർ ദുരുപയോഗം ചെയ്യുന്നതായും പ്രതിയിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്.
അത്തരം മെഡിക്കൽ ഷോപ്പുകൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേൽ നോട്ടത്തിൽ ’ഓപ്പറേഷൻ മണ്സൂണ് ’ എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രത്യേക ഷാഡോ വിഭാഗം ആലുവ എക്സൈസ് റേഞ്ചിൽ രൂപീകരിച്ച് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ഈ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിലാണു ഷക്കീർ പിടിയിലാകുന്നത്.
ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ, അബ്ദുൾ കരീം, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, സിയാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, നീതു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.