ആലുവ: ആലുവ മെട്രോ സ്റ്റേഷൻ പരിസരത്തു നിന്ന് മയക്കുമരുന്നുമായി പിടിയിലായ രണ്ട് യുവാക്കൾ റിമാൻഡിൽ. കൊടുങ്ങല്ലൂർ എറിയാട് ഞാറ്റുകെട്ടി വീട്ടിൽ ജെസീം (24), എടവഴിക്കൽ വീട്ടിൽ അബ്ദുൾ റഹീം(22) എന്നിവരെയാണ് എംഡിഎംഎയുമായി ആലുവ എക്സൈസ് സംഘം ഇന്നലെ പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. “പാർട്ടി ഡ്രഗ്’, “എക്സ്റ്റസി’ എന്നീ പേരുകളിൽ അറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്നാണ് പ്രതികളിൽനിന്നു പിടികൂടിയത്. മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന മയക്കുമരുന്നാണിത്. 12 ഗ്രാം മയക്കുമരുന്നാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.
ബംഗളൂരുവിൽ നീഗ്രോ വംശജനായ യുവാവിൽ നിന്നും ഗ്രാമിന് 5000 രൂപ നിരക്കിൽ വാങ്ങിയതാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.പുതുവത്സര ആഘോഷങ്ങൾക്ക് വിതരണം ചെയ്യാൻ 20 ഗ്രാം എംഡിഎംഎ ഇവർ വാങ്ങിയിരുന്നതായിട്ടാണു സൂചന. ജില്ലയിൽ ആലുവ, ഇടപ്പള്ളി, കലൂർ ഭാഗങ്ങളിലാണ് പ്രതികൾ മയക്കുമരുന്നു വിൽക്കുന്നത്.
തൃശൂർ ജില്ലയിലെ ചേർപ്പ് എക്സൈസിൽ കഞ്ചാവ് വിൽപ്പന കേസിലെ പ്രതിയാണ് അബ്ദുൾ റഹീം. സിഐ ടി.എൻ.സുധീർ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, ഹാരിസ്, എം.പി. ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാർ എസ്.സിദ്ധാർത്ഥ്, സുനീഷ് കുമാർ, പ്രദീപ് കുമാർ, പി.ജി. അനൂപ്, ഡ്രൈവർ അഫ്സൽ എന്നിവരുൾപ്പെടുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.