കൊണ്ടോട്ടി: നിരോധിത മയക്കുമരുന്നു ഇനത്തിൽപ്പെട്ട എം.ഡി.എയുമായി മൂന്നു പേരെ കൊണ്ടോട്ടി സിഐ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ മലപ്പുറം ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയ കേസിൽ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. മോങ്ങം വാരിയത്ത് ഷാഹുൽ ഹമീദ് (33), കുറ്റിപ്പുറം മടത്തിൽ അർഷാദ് (32), മോങ്ങം പൊറ്റതൊടുവിൽ മുസ്തഫ (43) എന്നിവരാണ് അറസ്റ്റിലായത്.
കൊണ്ടോട്ടി പാണ്ടിക്കാട്ട് വച്ചാണ് മൂന്നു പേരെയും മുംബൈ രജിസ്ട്രേഷൻ വാഹനമടക്കം പോലീസ് പിടികൂടിയത്. സംഘത്തിൽ നിന്നു ആറു ഗ്രാം എംഡിഎ കണ്ടെത്തി. ഒരു വർഷം മുന്പു ഇവരുടെ സുഹൃത്ത് മുസ്ലിയാരങ്ങാടി സ്വദേശിയായ യുവാവിനെ 16 ഗ്രാം എംഡിഎയുമായി പിടികൂടിയിരുന്നു. ഇയാളിൽ നിന്നു മൂവർ സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന പോലീസിനു ലഭിച്ചിരുന്നു.
തുടർന്നു ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മുംബൈ കേന്ദ്രീകരിച്ചു കേരളത്തിലേക്കു മയക്കുമരുന്നു എത്തിക്കുന്ന സംഘമാണ് മൂവരുമെന്നു പോലീസ് പറഞ്ഞു. വാഹന കച്ചവടത്തിന്റെ മറവിൽ മുബൈയിൽ നിന്നു യൂസ്ഡ് കാറുകൾ കേരളത്തിലെത്തിച്ചു വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
മുംബൈയിൽ നിന്നു കൊണ്ടുവരുന്ന വാഹനങ്ങളിലാണ് മയക്കുമരുന്നു കടത്തുന്നത്. പിടിയിലായ ഷാഹുൽ ഹമീദ് മോങ്ങത്ത് സ്റ്റുഡിയോ നടത്തുകയാണ്. മുസ്തഫ മോങ്ങത്ത് ജിംനേഷ്യം നടത്തുന്നു. കുറ്റിപ്പുറം സ്വദേശി അർഷാദ് വാഹന കച്ചവടമാണ്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്നു മാഫിയയെക്കുറിച്ചു വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ടി.നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം ഡിവൈഎസ്പി ഷംസിന്റെ നിർദേശ പ്രകാരം കൊണ്ടോട്ടി സിഐ ഷൈജു എസ്ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷണൻ മാരാത്ത്, നാസർ അരീക്കോട്, സുലൈമാൻ, ശ്രീരാമൻ, ദിനേശൻ, വിജയൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.ു