കൊച്ചി: വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നു വില്പന നടത്തിയ കേസിൽ അറസ്റ്റിലായ ആറംഗ സംഘം മയക്കുമരുന്ന് വാങ്ങിയിരുന്നത് ഡാർക്ക് വെബ് വഴി.
ഇവർ ഡാർക്ക് വെബ് വഴി ഓണ്‍ലൈനിലൂടെ മയക്കുമരുന്ന് വാങ്ങി നഗരത്തിലെ കോളജുകളിലും യുവാക്കൾക്കിടയിലുമായിരുന്നു വില്പന നടത്തി വരികയായിരുന്നു.
രഹസ്യവിവരത്തെത്തുടർന്ന് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ആറംഗ സംഘം പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചി വെളി സ്വദേശി എറിക് ഫ്രെഡി (22), മട്ടാഞ്ചേരി സ്വദേശി റിഷാദ് (22), അരൂർ സ്വദേശി സിജാസ് (28), ഫോർട്ട്കൊച്ചി സ്വദേശി മാത്യൂ മാനുവൽ(21), തോപ്പുംപടി നോർത്ത് സ്വദേശി ബെൻസണ്‍ (21), ഫോർട്ട്കൊച്ചി സൗത്ത് സ്വദേസി വിഷ്ണു(24)എന്നിവരാണ് അറസ്റ്റിലായത്.
കൂട്ടാളിയായ ഫോർട്ടുകൊച്ചി സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിൽ കണ്ടെടുത്തിരുന്നു.
മട്ടാഞ്ചേരി സ്റ്റാച്യൂ ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ റിഷാദ്, ബെൻസണ്‍, സിജാസ്, മാത്യൂ മാനുവൽ എന്നിവരെ മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറിക് ഫ്രെഡി, വിഷ്ണു എന്നിവരെ മയക്കു മരുന്നുമായി കസ്റ്റഡിയിലെടുത്തത്. എറിക് ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ്.
ബാംഗ്ലൂരിൽ പഠിക്കുന്ന മാനുവൽ ആണ് ഡാർക്ക് വെബ് വഴി മയക്കുമരുന്ന് വാങ്ങി പ്രതികൾക്ക് നൽകിയിരുന്നത്. ഇവരുടെ പക്കൽ നിന്നും 16 എൽസ്ഡി സ്റ്റാന്പുകൾ, 2.23 ഗ്രാം എംഡിഎംഎ, 65 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.
കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മയക്കുമരുന്നുകൾ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുന്ന സംഘം, വില കൂടിയ വാഹനങ്ങളും മറ്റും വാങ്ങി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാരായ അബ്ദുൾ സലാം, വി.ജി.രവീന്ദ്രനാഥ്, ഫോർട്ടുകൊച്ചി ഇൻസ്പെക്ടർ മനു.വി.നായർ, മട്ടാഞ്ചേരി എസ്ഐ രൂപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.