തൊടുപുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി തൊടുപുഴയിൽ യുവാവും യുവതിയും പോലീസിന്റെ പിടിയിലായി.
രഹസ്യ വിവരത്തെ തുടർന്ന് നഗരത്തിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ തൊടുപുഴ പെരുന്പള്ളിച്ചിറ പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് തൊടുപുഴ പോലീസും ഇടുക്കി എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും ചേർന്ന് പിടി കൂടിയത്.
ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്ഫടിക കുഴൽ, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
വിദ്യാർഥികൾക്ക് ലഹരി എത്തിച്ചു നൽകുന്ന അന്തർ സംസ്ഥാന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
എംഡിഎംഎ വിൽപ്പനക്കായി ഇരുവരും ഇന്നലെ ഉച്ചയോടെ തൊടുപുഴയിൽ മുറിയെടുത്തതായി ഡിവൈഎസ്പി മധു ബാബുവിന് രഹസ്യ വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നാണ് മയക്ക് മരുന്ന് എത്തിക്കുന്നതെന്ന് പ്രതി യൂനസ് വെളിപ്പെടുത്തിയതായി ഡിവൈഎസ്പി പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം എംഡിഎംഎയും കഞ്ചാവുമായി ഇടുക്കി എആർ ക്യാന്പിലെ പോലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിലായിരുന്നു.