തുറവൂർ: മുന്തിയ ഇനം മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അരൂർ പൊലീസ് പിടികൂടി. അരൂക്കുറ്റി വടുതല ഹംദാനിയ മൻസിലിൽ നോബർ(22), പാണാവള്ളി മുഖ്താർ മൻസിലിൽ മുഖ്താർ(22) എന്നിവരെയാണ് അരൂർ എസ് ഐ മനോജും സംഘവും ചേർന്ന് അരൂർ പള്ളിക്ക് സമീപത്തു നിന്നും പിടികൂടിയത്.
സ്കൂൾ വിദ്യാർഥികളേയും യുവാക്കളേയും ലക്ഷ്യം വച്ച് വിൽപനയ്ക്കായി കൊണ്ടു വന്ന മൂന്ന് ഗ്രാം എംഡിഎംഎ (മീഥൈലിൻ ഡയോക്സി മെറ്റംഫിറ്റാമിനെ) എന്ന മയക്കുമരുന്ന് ഇവരിൽ നിന്ന് കണ്ടെടുത്തു. ഒരു ഗ്രാമിന് മൂവായിരം രൂപ വരുന്ന മുന്തിയ ഇനം മയക്കുമരുന്നാണിത്.
ഫോർട്ടുകൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ റൂം ബോയ് ആണ് പിടിയിലായ നോബർ. അരൂർ, കണ്ണമാലി സ്റ്റേഷനുകളിലായി സമാന സ്വഭാവമുള്ള മൂന്ന് കേസുകളിൽ പ്രതിയായ ഇയാൾ മാസങ്ങളോളം ജയിൽ ശിക്ഷയുമനുഭവിച്ചിട്ടുണ്ട്.
ജില്ലയിൽ മയക്കുമരുന്നു വ്യാപാരം ശക്തമായതിനെത്തുടർന്ന് പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് ചേർത്തല എഎസ്പിയുടെ മേൽനോട്ടത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. എഎസ്ഐ വിനോദ്കുമാർ, സി.പി.ഒ മാരായ നിസാർ, അനീഷ്, ശ്രീജിത്ത്, ബിജോയ്, വൈശാഖൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.