കൊച്ചി: മയക്കുമരുന്നായ നൈട്രോസിപാം ഗുളികയുമായി പിടിയിലായ യുവാവിന്റെ ഫോണിലേക്ക് വിളിക്കുന്നവരെ തിരിച്ചറിഞ്ഞപ്പോൾ കണ്ണുതള്ളി എക്സൈസ് സംഘം. പ്രതിയുടെ ഫോണിലേക്ക് യുവതി-യുവാക്കൾ മുതൽ വീട്ടമ്മമാർ വരെ മയക്കുമരുന്ന് ഗുളികകൾ ആവശ്യപ്പെട്ട് വിളിക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്. ഇവരിൽ പലരും സ്ഥിരം ആവശ്യക്കാരാണെന്നാണു സൂചന.
ആലുവ മെട്രോ സ്റ്റേഷൻ ഭാഗത്തുനിന്നും ബ്രഹ്മപുരം പാടത്തികരയിൽ മാത്രക്കാട്ടിൽ ഷിറാസിനെയാണ് (20) ഇയാളുടെ വാഹനം ചെയ്സ് ചെയ്ത് അതിസാഹസികമായി എറണാകുളം എക്സൈസ് സ്ക്വാഡ് പിടികൂടിയത്. ബംഗ്ളൂരു, സേലം എന്നിവിടങ്ങളിൽനിന്നും സ്ട്രിപ്പിന് ഏകദേശം 1000 മുതൽ 1500 രൂപ വരെ നൽകിയാണ് ഇവിടെ എത്തിച്ചിരുന്നത്.
എറണാകുളത്ത് എത്തിച്ച് ഒരു ഗുളികയ്ക്ക് 500 രൂപ വരെ നിരക്കിൽ വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തിവന്നിരുന്നതായി പ്രതിയിൽനിന്നും വിവരം ലഭിച്ചതായും എക്സൈസ് അധികൃതർ പറഞ്ഞു. ആവശ്യക്കാരായ യുവതി-യുവാക്കളെയും വീട്ടമ്മമാരെയും കണ്ടെത്തി കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എക്സൈസിന്റെ സൗജന്യലഹരിവിമുക്ത ചികിത്സ കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ നടത്തിവരുന്നത്.
സ്കൂൾ, കോളജ് വിദ്യാർഥികളിൽനിന്നും മുൻകൂർ പണംവാങ്ങിയശേഷമാണ് ആവശ്യാനുസരണം വിൽപ്പനക്കായി സാധനം എത്തിച്ചിരുന്നത്. എറണാകുളത്ത് പ്രതിക്ക് ഗുളിക എത്തിച്ചു കൊടുത്ത ആളെക്കുറിച്ചുള്ള അന്വേഷണം ഉൗർജിതമാക്കിയതായും എക്സൈസ് അധികൃതർ പറഞ്ഞു.
കാൻസർ രോഗികൾക്ക് കൊടുക്കുന്ന ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചാൽ 24 മണിക്കൂർ ഉന്മാദാവസ്ഥയിലേക്ക് നയിക്കുകയും തുടർന്ന് സ്ഥിരമായി ഉപയോഗിച്ചാൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സാവധാനം ഇല്ലാതാകുകയും ചെയ്യും. പരിശോധനയിൽ ഷിറാസിന്റെ പക്കൽനിന്നും 100 നൈട്രോസിപാം ഗുളികകളും അധികൃതർ കണ്ടെടുത്തു.
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. രാം പ്രസാദ്, എ.എസ്. ജയൻ, എം.എം. അരുൺ, പി.എക്സ്. റൂബൻ, സിദ്ധാർത്ഥ കുമാർ, എൻ.പി. ബിജു, ഡ്രൈവർ പ്രദീപ് കുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.