കാട്ടിക്കുളം: അതീവ മാരകമായ എംഡിഎംഎ(മീഥൈൻ ഡയോക്സി മെത് ആംഫിറ്റാമിൻ) മയക്കുമരുന്നുമായി മുംബൈ സ്വദേശി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. ഇന്നലെ രാത്രി എക്സൈസ് അധികൃതർ ബാംഗ്ലൂർ-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് മുംബൈ സ്വദേശി സിദ്ദിഖ്(19)19 ഗ്രാം മയക്കുമരുന്നുമായി പിടിയിലായത്.
കോഴിക്കോട് സ്വദേശിക്ക് കൈമാറാനാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. 20 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ബി. ബാബുരാജ്, എം.സി. ഷിജു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുണ്‍ പ്രസാദ്, വിപിൻ പുഷ്പാംഗദൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മില്ലി ഗ്രാമിന് പതിനായിരങ്ങൾ വിലയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. 500 മില്ലി ഗ്രാം കൈവശം വെച്ചാൽ ജാമ്യം ലഭിക്കാത്ത വകുപ്പാണ്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെട്ട ലഹരിമരുന്ന് മോളി, എക്റ്റസി എന്ന വിളിപ്പേരിലും അറിയപ്പെടുന്നുണ്ട്.
ശരീരത്ത് ഒളിപ്പിച്ച് വെച്ച മയക്കുമരുന്ന് വിദഗ്ധ പരിശോധനയിലാണ് കണ്ടെത്തിയത്. മാരക ശേഷിയുള്ള എംഡിഎംഎ മയക്കുമരുന്ന് ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് മുത്തങ്ങയിൽ പിടികൂടുന്നത്.