ജോൺസൺ വേങ്ങത്തടം
മൂവാറ്റുപുഴ: മയക്കുമരുന്നു കേസുകളിൽ ഇനിമുതൽ കേസെടുത്ത ഉദ്യോഗസ്ഥർ തുടരന്വേഷണം നടത്തരുതെന്നു ഡിജിപിയുടെ ഉത്തരവ്. പകരം കേസെടുത്ത ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥർ കേസ് അന്വേഷിക്കണം. മയക്കുമരുന്നു കേസുകളുടെ അന്വേഷണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാകണമെന്നതടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ സർക്കുലർ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു.
എൻഡിപിഎസ് കേസുകളുടെ അന്വേഷണത്തിൽ പോലീസ് ഗുരുതരവീഴ്ച വരുത്തുന്നതായി നിരന്തരമായി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണു പുതിയ മാർഗനിർദേശങ്ങൾ. തൊണ്ടി മുതലുകൾ പ്രോപ്പർട്ടി ലിസ്റ്റിൽ ഉൾപ്പെടുത്തി സീൽ ചെയ്ത പായ്ക്കറ്റുകളിലാക്കി കോടതിയിൽ ഹാജരാക്കണം.
കേസു ചാർജ് ചെയ്ത് 72 മണിക്കൂറുകൾക്കുള്ളിൽ തൊണ്ടി സാന്പിളുകൾ രാസപരിശോധനയ്ക്കായി ലാബുകളിൽ അയയ്ക്കണം. ബന്ധപ്പെട്ട കോടതിയുടെ കുറിപ്പോടെയായിരിക്കണം ഇത്. എൻഡിപിഎസ് ആക്ടിലെ സെക്ഷൻ 42, 43, 50, 52, 55, 57 വകുപ്പുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
സാക്ഷികൾ പ്രതിഭാഗം ചേരുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്ന നടപടി കൈക്കൊള്ളണം. കണ്ടെടുക്കുന്ന തൊണ്ടിമുതൽ സൂക്ഷിക്കുന്ന വിഷയത്തിൽ മനഃപൂർവമായ വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിക്കുന്നു. മയക്കുമരുന്നു കേസുകളിൽ പലതും വിസ്താര വേളയിൽ നിയമത്തിലെ പഴുത് മുൻനിർത്തി ശിക്ഷിക്കപ്പെടാതെ പോകുന്നത് പതിവായിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും തമ്മിൽ ഉണ്ടാകുന്ന ആശയവിനിമയത്തിലെ കുറവും ഇതിനു കാരണമാകുന്നുണ്ട്. കേസ് പിടിക്കുന്പോൾതന്നെ പ്രോസിക്യൂട്ടറുമായി ആശയവിനിമയം പുലർത്തി വകുപ്പുകൾ ചേർത്താൽ എളുപ്പത്തിൽ ഊരിപ്പോകുന്ന സാഹചര്യം ഒഴിവാക്കാമെന്നും സർക്കുലറിൽ പറയുന്നു.