സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം വന്‍തോതില്‍ കുറയുന്നുണ്ടെങ്കിലും പതിനഞ്ചിനും മുപ്പതിനുമിടയില്‍ പ്രായമുള്ളവരില്‍ എച്ച്ഐവി ബാധിതര്‍ കൂടിവരികയാണെന്നു കണ്ടെത്തല്‍.
സ്വവര്‍ഗരതിയും മയക്കുമരുന്ന് ഉപയോഗവുമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
എച്ച്ഐവി ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തുന്ന യുവാക്കളുടെ എണ്ണം കണക്കാക്കിയാണ് ഈ നിഗമനം.
മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ 20 മടങ്ങ് സാധ്യതയാണ് എച്ച്ഐവി ബാധക്കുള്ളത്.കുത്തിവച്ച സൂചി കൊണ്ട് മറ്റൊരാള്‍ കുത്തിവയ്ക്കുന്നത് റിസ്ക് സാധ്യത വര്‍ധിപ്പിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ എയ്ഡ്സ് കണ്‍േട്രാള്‍ സൊസൈറ്റി മുഖേന സിറിഞ്ചും ഗര്‍ഭനിരോധന ഉറകളും വിതരണം ചെയ്ത് രോഗ പകര്‍ച്ച തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
എന്നാല്‍, സംസ്ഥാനത്ത് മുപ്പതില്‍ താഴെ പ്രായമുള്ളവരില്‍ എച്ച്ഐവി ബാധ വര്‍ധിക്കുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ഈ വര്‍ഷം 106-ല്‍ 20 പേരും മുപ്പതില്‍ താഴെയുള്ളവര്‍
ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇത്തരം കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.
സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നതും മയക്കുമരുന്ന് കുത്തിവയ്ക്കുന്നതും രോഗ സാധ്യത വര്ധിപ്പിക്കുെമന്നതിനാല് ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രതവേണമെന്നാണ് മുന്നറിയിപ്പ്.
കോഴിക്കോട്ട് ഈ വര്‍ഷം എച്ച്ഐവി പോസിറ്റീവായ 106 പേരില്‍ 20 പേര് മുപ്പതില്‍ താഴെ പ്രായമുള്ളവരാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്ഐവി പോസിറ്റീവായവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
കണക്ക് ഇങ്ങനെ…
സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവുവന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2005-ല്‍ 30,596 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 2,627 പേര്‍ക്ക് എച്ച്ഐവി പോസിറ്റീവായിരുന്നു. 2010-ല്‍ 3,08,174 പേരുടെ രക്ത പരിശോധന നടത്തിയപ്പോള്‍ 2,342 പേര് മാത്രമാണ് പോസിറ്റീവായവര്‍ ഉള്ളത്.
2020-ല്‍ 8,93,303 പേരെ പരിശോധിച്ചതില്‍ 840 പേരായി കുറഞ്ഞു. ഇക്കൊല്ലം സെപ്റ്റംബറില്‍ 9,32,365 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
ഇതില്‍ 835 പേര്‍ക്കാണ് എച്ച്ഐവി പോസിറ്റീവായുള്ളത്. എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിന്റെ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ട്.
2010-ല്‍ ഒരു ലക്ഷത്തില്‍ രണ്ടുപേരായിരുന്നു എയ്ഡ്സ് ബാധിച്ച് മരിച്ചതെങ്കില്‍ ഇക്കൊല്ലം ഇത് .34 മാത്രമായി ചുരുങ്ങിയിട്ടുണ്ട്. ‘ഒന്നായ് തുല്യരായ് തടുത്തു നിര്‍ത്താം’ എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന സന്ദേശം.
എച്ച്ഐവി പ്രതിരോധത്തില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുകയും 2025നകം എച്ച്ഐവി ബാധ ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് കോഴിക്കോട് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍, എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. ടി.സി അനുരാധ, എആര്‍ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.സി അന്നമ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.