കൊച്ചി: ഹോട്ടലിൽ ഡിജെ പാർട്ടിക്കായി കൊണ്ടുവന്ന ലക്ഷക്കണക്കിനു രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കളെ പിടികൂടിയതിനു പിന്നാലെ അന്വേഷണം വ്യാപിച്ച് പോലീസ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിനും പിടികൂടുന്നതിനുമായി 100 പോലീസ് ഉദ്യോഗസ്ഥരെയും 15 ഡാൻസാഫ് ടീം അംഗങ്ങളെയുമാണു കമ്മീഷണറേറ്റിൽ വിന്യസിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ നടത്തുന്നതിനു പുറമെ ഹോട്ടലുകളിൽ നടത്തുന്ന ഡിജെ പാർട്ടികൾ നിരീക്ഷിക്കുകയും ചെയ്യും.
വൈറ്റില ഭാഗത്തു നടത്തിയ പരിശോധനയിലാണ് ബംഗളൂരു സ്വദേശിയായ അഭിയരാജ് (25), തൃപ്പൂണിത്തുറ എരൂർ പൾസ്നഗർ സ്വദേശി നൗഫൽ (24) എന്നിവരെ ഇന്നലെ പോലീസ് പിടികൂടിയത്. 38 എക്സ്റ്റസി പിൽസും അഞ്ച് ഗ്രാം എംഡിഎംഎയുമാണു പ്രതികളിൽനിന്നു പിടികൂടിയത്. ഇത്തരം ഗുളികകളെ ഉപഭോക്താക്കളുടെയിടയിൽ ഡോങ്കിയെന്നും യുവതീ-യുവാക്കളുടെയും കമിതാക്കളുടെയും ലഹരിയായതുകൊണ്ട് ഇതിനെ ലവ്പിൽ എന്നുമാണത്രേ അറിയപ്പെടുന്നത്.
ബംഗ്ളൂരിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ അഭയ് രാജും, തൃപ്പൂണിത്തുറ സ്വദേശി നൗഫലും ഡിജെ പാർട്ടിയുടെ കോർഡിനേറ്റർമാരാണ്. ഇവർ ബംഗ്ളൂരുവിലെ ലഹരി മാഫിയ ബന്ധങ്ങൾ ഉപയോഗിച്ച് ലഹരി മരുന്നുകൾ ശേഖരിച്ച് കേരളത്തിൽ ഡിജെ പാർട്ടികളിലും മറ്റും വിൽപ്പന നടത്തി വരികയായിരുന്നു. കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിരുന്നവരാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കുന്നു.
പാർട്ടികൾ സംഘടിപ്പിച്ച് വൻതോതിൽ മയക്കുമരുന്ന് വിറ്റഴിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർഗമായിരുന്നു ഡിജെ പാർട്ടികൾ. പുതുവർഷത്തോടനുബന്ധിച്ച് ഇന്നു നഗരത്തിലെ പ്രമുഖ ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. അതിനായാണു മയക്കുമരുന്നുകൾ എത്തിച്ചത്. മരട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മയക്കുമരുന്ന് കടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.