കോട്ടയം: സംസ്ഥാന പോലീസിന്റെയും എക്സൈസിന്റെയും ലഹരി വേട്ട ഹൈക്കോടതി നിരീക്ഷണത്തിലാക്കിയതോടെ മയക്കുമരുന്നുപയോഗിച്ചവരെ കണ്ടെത്താനുള്ള ഉപകരണം വാങ്ങുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി മരുന്നുപയോഗവും ഇതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി കോട്ടയം മുൻ ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
തുടർനടപടിയായി കഴിഞ്ഞ മൂന്നു വർഷത്തെ ലഹരി മരുന്നു വേട്ടയെ സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ഡിജിപി, എക്സൈസ് കമ്മീഷണർ, ഹെൽത്ത് സർവീസ് ഡയറക്ടർ, ഡ്രഗ്സ് കണ്ട്രോളർ, നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഡയറക്ടർ എന്നിവരോടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
എൻ.രാമചന്ദ്രന്റെ കത്തിലെ പ്രധാന ആവശ്യം മയക്കു മരുന്നുപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ഉപകരണം വാങ്ങണമെന്നാണ്. കോടതി ഇടപെടൽ ഉണ്ടായതോടെ അത് സാധ്യമായേക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള ഉപകരണം സംസ്ഥാനത്തില്ല. എന്നാൽ ഗുജാറത്ത്, ഒഡീഷ, മിസോറം അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ മയക്കുമരുന്നുപയോഗിച്ചവരെ കണ്ടെത്താനുള്ള ഉപകരണമുണ്ട്.
ഇത് സംസ്ഥാനവും വാങ്ങണമെന്നാണ് എൻ.രാമചന്ദ്രന്റെ കത്തിലെ പ്രധാന സൂചന. രക്തം, ഉമിനീർ എന്നിവ പരിശോധിച്ചാൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ സാധിക്കും. പോലീസ്, എക്സൈസ്, ഹെൽത്ത്, ഡ്രഗ്സ് കണ്ട്രോളർ തുടങ്ങിയ വകുപ്പുകൾ ഉപകരണം വാങ്ങി പരിശോധന നടത്തണം. വാഹന പരിശോധനയ്ക്കായി മാത്രമല്ല, കോളജ്, സിനിമ തിയറ്റർ, പാർക്ക് , സ്റ്റാളുകൾ എന്നിവിടങ്ങളിലും ഇത്തരം ഉപകരണവുമായി പരിശോധന നടത്തണമെന്നും കത്തിൽ ശുപാശ ചെയ്യുന്നു.
കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് പരിമിതപ്പെട്ടു. ന്യുജനറേഷൻ ഇപ്പോൾ മയക്കു മരുന്നിനു പിന്നാലെയാണ്. കൊലപാതകവും പീഡനവും പോക്സോ കേസുകളും വർധിക്കാനിടയാക്കുന്നത് മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചതിനാലാണ്. മയക്കുമരുന്നിനടിമകളായ ന്യുജനറേഷൻ ബൈക്കിലും മറ്റു വാഹനങ്ങളിലും പാഞ്ഞു നടക്കുകയാണ്.
ഇവർ ലഹരിക്കടിമകളാണെന്നു കണ്ടെത്താൻ നിലവിൽ മാർഗമില്ല എന്നതാണ് അവസ്ഥ. അടുത്ത നാളിൽ സംസ്ഥാനത്തുണ്ടായ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെല്ലാം ലഹരി ഉപയോഗിച്ചിരുന്നു എന്ന് സംശയിക്കപ്പെടുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് മാർഗമില്ല.