നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 60 കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി.
സിംബാബ്വേയിൽനിന്ന് ദോഹ വഴി നെടുമ്പാശേരിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരുടെ പക്കൽനിന്നാണ് സിയാൽ സെക്യൂരിറ്റി വിഭാഗം 30 കിലോ മയക്കുമരുന്ന് പിടികൂടിയത്.
മെഥാക്വിനോൾ എന്ന മയക്കുമരുന്നാണ് പിടികൂടിച്ചകസ്റ്റംസ്, നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ ഇതിന്റെ മതിപ്പുവിലയാണ് 60 കോടി രൂപ.
പിടിച്ചെടുക്കപ്പെട്ട ലഹരിവസ്തു തുടർപരിശോധനകൾക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
നെടുമ്പാശേരിയിലെത്തിയ മുരളീധരൻ നായർ ഇവിടെനിന്നു ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറുന്നതിനുള്ള ബാഗേജ് പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
അത്യാധുനിക ‘ത്രി ഡി എംആർഐ സ്കാനിംഗ്’ യന്ത്രം ഉപയോഗിച്ച് സിയാലിന്റെതന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്താനായത്. പിടിയിലായ യാത്രക്കാരനെ ആന്റി നർകോട്ടിക്സ് വിഭാഗത്തിനു കൈമാറി.