തൃശൂർ: സംസ്ഥാനത്ത് ഇനിമുതൽ മയക്കുമരുന്ന് കണ്ടെത്താൻ എന്നും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും റെയ്ഡ് നടത്തും. എല്ലാ ടൂറിസ്റ്റ് ബസുകളിലും ദിവസേന പരിശോധന നടത്തും. സംസ്ഥാനത്ത് മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടേയും വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ സോണൽ എഡിജിപിമാർക്കും റേഞ്ച് ഐജിമാർക്കും ജില്ല പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.
കേരള ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ കഴിഞ്ഞ രണ്ടു മാസത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് ഡിജിപി മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ നിർദ്ദേശം നൽകിയത്. വിദ്യാലയങ്ങളുടെ പരിസരത്ത് മയക്കുമരുന്ന് ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ജാമ്യമില്ലാത്ത വകുപ്പു പ്രകാരം ശക്തമായ നടപടിയെടുക്കും.
റെയിൽവേ പോലീസിൽ എസ്പിയുടെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക് ഡിവിഷൻ രൂപീകരിക്കാനും ധാരണയായി. പോലീസും എക്സൈസും ചേർന്ന് സംസ്ഥാനത്തൊട്ടാകെ മയക്കുമരുന്ന് കണ്ടെത്താൻ വ്യാപക റെയ്ഡുകൾ നടത്തും.മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ പരിശോധിക്കാനും ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരെ അതിൽ നിന്നും മുക്തരാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കർമപരിപാടി രൂപീകരിക്കാൻ ജില്ല പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
മയക്കുമരുന്നു കടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങളും അവരുടെ നീക്കങ്ങളെക്കുറിച്ചും ജില്ലകളിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ എല്ലാ ആഴ്ചയും ജില്ല പോലീസ് മേധാവിമാരെ സന്ദർശിച്ച് വിവരങ്ങൾ നൽകണം. നാർക്കോട്ടിക് സെൽ ഡിവൈഎസ്പിമാർ എല്ലാ ആഴ്ചയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുമായും യോഗം ചേരും.
എക്സൈസ് വകുപ്പ് സംസ്ഥാനത്ത് തെരഞ്ഞെടുത്ത മൂവായിരം സ്കൂളുകളിൽ സന്ദർശനം നടത്തും. ഒരു സിവിൽ പോലീസ് ഓഫീസർകൂടി സന്ദർശനവേളയിലുണ്ടാകും.എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, എഡിജിപി എസ്.ആനന്ദകൃഷ്ണൻ, ഐജിയും കേരള ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് സംസ്ഥാന നോഡൽ ഓഫീസറുമായ പി.വിജയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.