മാന്നാർ: അടച്ചിട്ടിരുന്ന വീട്ടിൽ മോഷണ ശ്രമം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ സഹായിക്കായുള്ള അന്വേഷണം തുടരുന്നു.
മാന്നാർ എണ്ണക്കാട് ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണശ്രമം നടന്നത്. പ്രതിയായ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദിന്റെ ഭാര്യ മായാകുമാരി (36) യെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്.
ബുധനൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ശ്രീ വാണി ഭവനത്തിൽ വിജയൻ നായരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണശ്രമത്തിനിടയിൽ വഴിയാത്രക്കാർ വരുന്നത് കണ്ട മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടിരുന്നു.
ഉടൻ തന്നെ വഴിയാത്രക്കാരും പ്രദേശ വാസികളും ചേർന്ന് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസും നാട്ടുകാരും പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മോഷ്ടാക്കൾ വന്ന ഇരു ചക്ര വാഹനവും വീടിന്റെ വാതിലുകൾ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പി, പാര തുടങ്ങിയ സാധനങ്ങളും പോലിസ് കണ്ടെടുത്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്. സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച സ്കൂട്ടറും പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വീട്ടുടമയും കുടുംബവും കുറച്ചുദിവസങ്ങളായി മകനോടൊപ്പമായിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് നിരീക്ഷിച്ച ശേഷമാണ് മോഷണത്തിന് ശ്രമിച്ചത്.
പ്രതിയായ മായാകുമാരിക്ക് സമാന സംഭവങ്ങളിൽ വീയപുരം, ഹരിപ്പാട് സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉള്ളതായും.
ഇവരുടെ കൂടെ ഒരാൾ കൂടി ഉള്ളതായി സംശയിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.
മാന്നാർ പോലിസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ ബിജുക്കുട്ടൻ, സീനിയർ സിവിൽ പോലിസ് ഓഫീസർ സ്വർണരേഖ, സിവിൽ പോലിസ് ഓഫീസർമാരായ സാജിദ്,നിസാം, ഹരിപ്രസാദ്, ശ്രീകുമാർ, ദിനീഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.