കോഴിക്കോട്: മായംചേർത്ത ഭക്ഷ്യപദാർഥങ്ങൾ വിൽക്കുന്നു എന്ന ദുഷ്പേരിൽ നിന്ന് രക്ഷപെടാൻ കേരളത്തിലെ ഹോട്ടലുടമകളുടെ നേതൃത്വത്തിൽ പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്ന് എം.കെ.രാഘവൻ എംപി. ഹോട്ടലുകളിൽ ഭക്ഷണങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നവരിൽ പലരും മായം ചേർക്കുന്നുണ്ട്.
അവരുടെ കുറ്റത്തിന് പലപ്പോഴും നിരപരാധികളായ ഹോട്ടലുടമകൾ ശിക്ഷിക്കപ്പെടുന്നു. ഇതിനു പരിഹാരമായി ഹോട്ടലുടമകളുടെ നേതൃത്വത്തിൽ ഓരോ പ്രധാന കേന്ദ്രങ്ങളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തിയാൽ മായം ചേർക്കുന്നവരെ നിലയ്ക്കുനിർത്താനാവും- കേരള ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസോസിയേഷന്റെ 54-ാം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം എരഞ്ഞിപ്പാലം കെ.കുര്യാക്കോസ് നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
ഹോട്ടൽ നടത്തിപ്പ് വൻകിട വ്യവസായമല്ല. ഈ വ്യവസായത്തെ ചെറുകിട വ്യവസായത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ഉണ്ടാവണം. ഹോട്ടലുകളെ മൈക്രോ,സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് എന്ന എംഎസ്എംഇയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അടുത്തുചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടിയുടെ കാര്യത്തിലും പുനഃപരിശോധന വേണമെന്ന് പാർലമെന്റ് സമ്മേളനത്തിൽ ആവശ്യപ്പെടും.
ആരോഗ്യമേഖലയിൽ സൂപ്പർസ്പെഷാലിറ്റി ആശുപത്രികൾ കടന്നുവന്നതോടെ ഗ്രാമീണമേഖലകളിലെ ക്ളിനിക്കുകൾ അടച്ചുപൂട്ടേണ്ടിവന്ന അവസ്ഥ ഹോട്ടലുകൾക്കും സംഭവിക്കാതിരിക്കാൻ ചെറുകിടക്കാർ ഒരുമിച്ച്നിന്ന് വൻകിടഹോട്ടൽ കടന്നുകയറ്റത്തെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംസ്ഥാന രക്ഷാധികാരി ജി.സുധീഷ്കുമാർ അധ്യക്ഷതവഹിച്ചു. കേരള വ്യാപാരി ക്ഷേമനനിധിബോർഡ് വൈസ് ചെയർമാൻ ഇ.എസ്. ബിജു മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, സംസ്ഥാന നേതാക്കളായ ജി.ജയ്പാൽ, കെ.പി.ബാലകൃഷ്ണപൊതുവാൾ, സി.ജെ.ചാർളി, ബി.ജയധരൻ നായർ, പി.സി.ബാവ, ദിലീപ് മൂലയിൽ, എം.എൻ. ബാബു, എൻ.അബ്ദുൾറസാഖ്, കെ.എം.രാജ, ബി.വിജയകുമാർ, മുഹമ്മദ് ഷെരീഫ്, റെജി കുര്യാക്കോസ്, പി.പി.അബ്ദുറഹ്മാൻ, ബാഹുലേയൻ, സി.ഷമീർ, ടി.വി.മുഹമ്മദ് സുഹൈൽ, അസീസ് മൂസ എന്നിവർ പ്രസംഗിച്ചു.