നാഷ്വിൽ: ഇന്റർ മയാമിക്കായി ആദ്യ കിരീടം സമ്മാനിച്ച ഇതിഹാസ താരം ലയണൽ മെസിയുടെ ഒരു പ്രവൃത്തിയാണ് ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. ലീഗ്സ് കപ്പ് കിരീടം സ്വന്തമാക്കിയ മയാമിക്കായി കിരീടം ഏറ്റുവാങ്ങാനായി മെസി ഒപ്പം കൂട്ടിയത് ടീമിന്റെ മുൻ ക്യാപ്റ്റൻ ഡിയാൻഡ്രെ യെഡ്ലിനെ.
മത്സര ശേഷം യെഡ്ലിനെ ക്യാപ്റ്റന്റെ ആം ബാൻഡ് മെസി അണിയിച്ചു. ടീം വിജയം ആഘോഷിക്കുന്നതിനിടെ മെസി തന്റെ കൈയിലെ ആം ബാൻഡ് ഊരി യെഡ്ലിന്റെ കൈയിൽ അണിയിക്കുകയായിരുന്നു. ആദ്യം എതിർത്ത യെഡ്ലിൻ പിന്നീട് വഴങ്ങി.
ട്രോഫി ഏറ്റുവാങ്ങാൻ മെസി മുൻ ക്യാപ്റ്റനെയും ഒപ്പം കൂട്ടി. മെസി മയാമിയിൽ വരുന്നതിന് മുൻപ് യുഎസ് താരമായ യെഡ്ലിൻ ആയിരുന്നു ക്യാപ്റ്റൻ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഫെനലിൽ നാഷ്വില്ലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മയാമി കപ്പ് ഉയർത്തിയത്. മത്സരം ഒരോ ഗോളിന് സമനില ആയതോടെയാണ് പെനാൽറ്റിയിലേക്ക് നീണ്ടത്.
നാഷ്വില്ലിന്റെ അവസാന കിക്ക് മയാമി ഗോൾ കീപ്പർ തട്ടിയകറ്റിയതോടെ ചരിത്രം പിറന്നു. 2020 ൽ രൂപീകരിച്ച ക്ലബിന്റെ ആദ്യ കിരീടാണിത്. മെസി ക്ലബിൽ എത്തിയ ശേഷം നടന്ന എട്ട് മത്സരങ്ങളിലും മയാമി ജയിച്ചുകയറി.