മയാമി: റൊമാനിയൻ സൂപ്പർ താരം സിമോണ ഹാലപ്പ് ലോക വനിതാ സിംഗിൾസ് ഒന്നാം റാങ്കിലേക്ക്. മയാമി ഓപ്പൺ ക്വാർട്ടറിൽ ചൈനയുടെ വാംഗ് ക്വിയാംഗിനെ പരാജയപ്പെടുത്തി സെമിയിൽ കടന്നതോടെ സിമോണ ഒന്നാം റാങ്കിനു തൊട്ടടുത്തെത്തി. സെമിയിൽ വിജയിച്ചാൽ ജപ്പാന്റെ നവോമി ഒസാക്കയെ മറികടന്ന് ഒന്നാം റാങ്ക് സ്വന്തമാക്കാം.
ക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിമോണ ചൈനീസ് താരത്തെ മറികടന്നത്. സ്കോർ: 6-4, 7-5. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ റൊമാനിയൻ താരത്തിന് രണ്ടാം സെറ്റിൽ വാംഗ് ക്വിയാംഗിൽനിന്ന് കനത്ത വെല്ലുവിളിയാണ് നേരിട്ടത്. 5-1 ന് പിന്നിട്ടുനിന്ന ശേഷമാണ് ഹാലപ്പ് അസാധ്യ തിരിച്ചുവരവിലൂടെ മത്സരം സ്വന്തമാക്കിയത്.
ഹാലപ്പിനൊപ്പം ഒന്നാം റാങ്ക് മത്സരത്തിൽ ഒപ്പമുണ്ടായിരുന്ന പെട്ര ക്വിറ്റോവ മയാമി ഓപ്പണിൽനിന്ന് പുറത്തായി. ക്വാർട്ടറിൽ ആഷ്ലി ബാർട്ടിയാണ് ക്വിറ്റോവയെ പുറത്താക്കിയത്. തന്നെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയെ കോടതി എട്ട് വർഷം തടവിനു ശിക്ഷിച്ച വാർത്ത വന്നു മണിക്കൂറുകൾക്കുള്ളിൽ നടന്ന മത്സരത്തിൽ ക്വിറ്റോവയ്ക്കു ജയിക്കാനായില്ല.
ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് താരം പരാജയപ്പെട്ടത്. സ്കോർ: 7-6 (8-6), 3-6, 6-2. ഇതോടെ ലോക ഒന്നാം റാങ്കിലേക്കുള്ള മത്സരത്തിൽ ഹാലപ്പ് തനിച്ചായി.