കണ്ണൂർ: ” ഞങ്ങൾക്ക് തരാൻ വീട്ടിൽ പൈസയൊന്നുമില്ല സാറേ.. കടബാധ്യതയാണ്.. പഠിത്തം തന്നെ ലോൺ എടുത്താണ്.. എളുപ്പത്തിൽ പണം കണ്ടെത്താൻ നോക്കിയപ്പോൾ കിട്ടിയ വഴിയാണ്..
പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല..
കഷ്ടപ്പാടുകൊണ്ട് ഇറങ്ങി പുറപ്പെട്ടതാണ്, രക്ഷിക്കണം… കഴിഞ്ഞ മാസം എംഡിഎംഎയുമായി കണ്ണൂരിലെ എക്സൈസ് സംഘം പിടിച്ച ഒരു യുവാവിന്റെ വാക്കുകളാണിത്.
കൂട്ടുകാരുടെ ഉപദേശം കേട്ട് ഇത്തരത്തിൽ നിരവധി യുവാക്കളാണ് ലഹരി വിൽപനയിലേക്ക് കടക്കുന്നത്.
വീട്ടിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുമ്പോൾ ഒരു ദുശീലവും ഇല്ലാത്ത കുട്ടികൾ തിരിച്ച് എത്തുമ്പോഴേക്കും മയക്കുമരുന്നിന് അടിമകളായി മാറും.
പിന്നീട് പഠനത്തിൽ ഉഴപ്പുകയും കോഴ്സുകൾ പോലും അവസാനിപ്പിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നത് കൂടിവരികയാണ്.
ലഹരി വസ്തുക്കൾ വാങ്ങാനായി പണം കണ്ടെത്താൻ പിന്നീട് ലഹരി വില്പനയിലേക്കാണ് ഈ കുട്ടികൾ കടക്കുന്നത്.
ലുക്കിൽ മാറ്റം
കണ്ടാൽ സുമുഖനും സുന്ദരനും സുശീലനും എന്നൊക്കെ തോന്നും. വസ്ത്രധാരണത്തിൽ ഒരു മൾട്ടിലെവൽ മാർക്കറ്റിംഗ് കന്പിനിയുടെ എക്സിക്യൂട്ടീവേ ആണെന്നേ തോന്നു.
അതിനാൽ, ലഹരി കടത്തിയാലും എക്സൈസിന്റെയും പോലീസിന്റെ പരിശോധനയിൽ ഒന്നും ഇവർ പെടില്ല.
തുടക്കം കഞ്ചാവായിരുന്നു ഇതരസംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലേക്ക് വിദ്യാർഥികളുടെ സംഘം കടത്തിക്കൊണ്ടു വന്നത്.
കഞ്ചാവ് വലിയ പൊതികൾ കൊണ്ടുവരുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടെന്ന് പെടും. വളരെ ചെറിയ രീതിയിൽ കൊണ്ടുവന്നാൽ കമ്മീഷൻ വളരെകുറവാണ്.
എന്നാൽ, സിന്തറ്റിക്ക് മയക്കുമരുന്നുകൾ എളുപ്പത്തിൽ കടത്താൻ കഴിയും. കൂടാതെ, കമ്മീഷനും കൂടുതലാണ്. വളരെ പെട്ടെന്ന് കൈമാറാനും കൊണ്ടുനടക്കാനും സിന്തറ്റിക്ക് മയക്കുമരുന്നുകൾക്ക് സാധിക്കും.
ആന്ധ്ര, ഒഡിസ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ പഠിക്കാനായി പോകുന്ന കുട്ടികളാണ് ലഹരി ഉപയോഗത്തിലും വില്പനയിലും മുൻപന്തിയിലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
നേരത്തെ കഞ്ചാവ് ആയിരുന്നെങ്കിൽ ഇപ്പോൾ യുവാക്കൾക്ക് പ്രിയം എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകളാണ്.
ഇവ ആദ്യം കൗതുകത്തിനായി ഉപയോഗിക്കുന്നവർ പിന്നീട് ഇതിന് അടിമകളായി മാറുന്നു. ഒരു ഗ്രാം എംഡിഎംഎക്ക് 3000 മുതൽ 5000 രൂപ വരെയാണ് വില.
വിദ്യാർഥികളിൽ പലർക്കും ഇത്രവലിയ വിലയ്ക്ക് ഇവ വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ല. അപ്പോൾ ഏജന്റുമാർ ഒരു ഓഫർ കൊടുക്കും.
തങ്ങൾ തരുന്ന എംഡിഎംഎ പറയുന്ന സ്ഥലത്ത് കൊണ്ടുപോയി കൊടുത്താൽ ഉപയോഗിക്കാനാവശ്യമായ എംഡിഎംഎ നിങ്ങൾക്ക് തരും.
വിൽപനയ്ക്കായി പ്രത്യേക കോഡുകളും കൊടുക്കും. മയക്കുമരുന്നുകൾക്ക് അടിമകളായ യുവാക്കൾ ഒന്നും നോക്കാതെ ഈ ഓഫറും വാങ്ങി എംഡിഎംഎ വിൽക്കാനായി പുറപ്പെടും.
പലപ്പോഴും പിടിക്കപ്പെടുന്പോൾ മാത്രമാണ് പലർക്കും ബോധം വരുക. ട്രാവലിംഗ് ബാഗിലും മറ്റുമാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നും യുവാക്കൾ മയക്കുമരുന്നുകൾ കടത്തുക.
ഇതിനായി ഇവർ പല മാർഗങ്ങളും സ്വീകരിക്കും. ബാഗിനുള്ളിലെ ഡ്രസുകൾക്കിടയിലോ ആരും ശ്രദ്ധിക്കാത്ത പ്രത്യേക അറയിലോ ആയിരിക്കും ഇവയുണ്ടാകുക.
കൂടെയുള്ള പെൺകുട്ടികളുടെ ബാഗിൽ വച്ച് കൊണ്ടുവരുന്നവരും ഉണ്ടത്രേ. 2020 വർഷത്തിൽ 56.78 എംഡിഎംഎയാണ് കണ്ണൂരിൽ പിടിച്ചെടുത്തതെങ്കിൽ 2021 ൽ ഇത് ഇരട്ടിയായി വർധിച്ചു.
145.228 എംഡിഎംഎയാണ് 2021 ൽ പിടിച്ചെടുത്തത്. ട്രെയിനുകളും ബസുകളും മറ്റുമാണ് ഇത്തരം വിദ്യാർഥികൾ ലഹരികടത്താനായി തെരഞ്ഞെടുക്കുന്നത്.
ബൈക്കുകളിലും കാറിലും തനിയെയുള്ള യാത്ര ഇത്തരക്കാർ ഒഴിവാക്കാറാണ് പതിവ്.
അത് കൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളിൽ പഠിക്കാൻ പോയി വരുന്ന സംശയം തോന്നുന്ന യുവാക്കളെ പ്രത്യേകം നിരീക്ഷിക്കാറുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തത് 128 കേസുകൾ
2022 ജനുവരി 24 മുതൽ ഫെബ്രുവരി ആറുവരെ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ഡ്രൈവില്‍ 128 കേസുകൾ രജിസ്റ്റർ ചെയ്തു.
സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന മയക്കുമരുന്നു ഉപയോഗവും കച്ചവടവും കണ്ടെത്തി കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു യുവതലമുറയെ മയക്കുമരുന്നു ഉപയോഗത്തില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്.
തലശേരി പോലീസ് സ്റ്റേഷന് പരിധികളില്‍ നടത്തിയ പരിശോധനയില്‍ 14 കേസുകളും കണ്ണൂര്‍ ടൗൺ പോലീസ് സ്റ്റേഷന് പരിധിയിൽ 10 കേസുകള്‍, കതിരൂര്‍, ധര്‍മ്മടം പോലീസ് സ്റ്റേഷന് 9 കേസുകള്‍ വീതവുമാണ് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ നര്‍ക്കോട്ടിക് സെല്‍ എസിപിയുടെ നേതൃത്വത്തില്‍ ഡാൻസാപ്പ് രഹസ്യ സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് മയക്കുമരുന്നു ശൃംഘലയിലെ സംഘങ്ങളെ വലയിലാക്കുന്നത്.