മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് പാറത്തോട് – മായങ്ങല്‍ ആദിവാസി കോളനിയില്‍ താമസക്കാര്‍ക്ക് ദുരിതജീവിതം. ഓണ്‍ലൈന്‍ പഠനത്തിന് പോലും പലര്‍ക്കും വീട്ടില്‍ സൗകര്യമില്ല. വൈദ്യുതി വെളിച്ചവും കുടിവെളളവും ലഭിക്കാതെ നിരവധി കുടുംബങ്ങളും ദുരിതത്തില്ലാണ്.
ആദിവാസി-മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട പതിമൂന്ന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് വീടുകളില്‍ സൗകര്യമില്ലാതെ പ്രയാസത്തിലാണിവര്‍. ഇരുപത് കുട്ടികള്‍ പഠിക്കുന്ന എട്ട് വീടുകള്‍ക്ക് ഇതുവരെ വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല.
സ്വന്തമായി കക്കൂസ് സൗകര്യം പോലുമില്ലാത്ത നിരവധി കുടുംബങ്ങളാണ് നിര്‍മല്‍ പുരസ്കാരം ലഭിച്ച കാരശ്ശേരി പഞ്ചായത്തിലെ ഈ കോളനിയില്‍ ഉള്ളത്.
കൂലിപ്പണിക്കാരനായ ചന്ദ്രന്റെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞും സ്കൂളില്‍ പഠിക്കുന്ന നാല് മക്കളുമാണ്. വൈദ്യുതി വെളിച്ചമില്ലാത്തതിനാല്‍ വീട്ടില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിക്കിടക്കുകയാണ്.
എസ്ടി പ്രമോട്ടറോട് വൈദ്യുതിയെക്കുറിച്ചും വീടിന്റെ അവസ്ഥയെക്കുറിച്ചുമൊക്കെ പറഞ്ഞിട്ടും ഫലമുണ്ടായില്ല. 15 വര്‍ഷമായി മലമുകളില്‍ താമസിക്കുന്ന പ്രമോദിന്റെ കൂരയില്‍ വയറിംഗ് ജോലികളൊക്കെ അന്നുതന്നെ പൂര്‍ത്തീകരിച്ചെങ്കിലും ഇതുവരെയായി വൈദ്യുതി എത്തിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളുള്ള വീടാണിത്. ദുര്‍ഘടപാത താണ്ടി തലച്ചുമടായാണ് കുടിവെള്ളം വീട്ടിലെത്തിക്കുന്നത്. കുടിവെളളത്തിനായി ഈ കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുളം സുരക്ഷിതമല്ലാത്ത രീതിയില്‍ തുറസ്സായിക്കിടക്കുകയാണ്. കൈവരിയില്ലാത്തതിനാല്‍ ചെറിയ മഴയില്‍ പോലും മാലിന്യം കുളത്തിലെത്തുന്ന അവസ്ഥയിലുമാണ്.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഈ വിഷയത്തിലും ഇടപെടല്‍ ഉണ്ടായിട്ടില്ല. കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാവണം, വൈദ്യുതി കണക്ഷന് ലഭിക്കണം, കക്കൂസ് സൗകര്യം വേണം തുടങ്ങി നിരവധി അടിസ്ഥാനാവശ്യങ്ങള്‍ക്കാണ് ഈ ആദിവാസി സമൂഹം പരിഹാരം തേടുന്നത്. അധികൃതര്‍ കണ്ണുതുറക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.