മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലും ഓപ്പണർ ശിഖർ ധവാൻ ഇന്ത്യക്കൊപ്പം ഇല്ല. ധവാന് പകരം മായങ്ക് അഗർവാളിനെ ടീമിലുൾപ്പെടുത്തി. വിൻഡീസിനെതിരായ ട്വന്റി-20യിലും ധവാൻ ഇല്ലായിരുന്നു. പകരം മലയാളി താരം സഞ്ജു വി. സാംസണ് ആയിരുന്നു ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20ക്കിടെ പരിക്കേറ്റതാണ് ധവാനു വിനയായത്. ഞായറാഴ്ചയാണ് ഇന്ത്യ x വിൻഡീസ് ആദ്യ ഏകദിനം.
ഇന്ത്യക്കായി ഒന്പത് ടെസ്റ്റ് കളിച്ചിട്ടുള്ള മായങ്ക് ഏകദിന അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ്. ലോകകപ്പ് ടീമിൽ വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായപ്പോൾ മായങ്കിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നിലവിൽ കർണാടകയ്ക്കായി തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് മായങ്ക്.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി. രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ.