മെൽബണ്‍: ഓസീസ് പര്യടനത്തിൽ ഇതാദ്യമായി ഇന്ത്യ ഒരു മായാജാലം കണ്ടു. മായങ്ക് അഗർവാൾ എന്ന ഓപ്പണറുടെ സധൈര്യമുള്ള ബാറ്റിംഗ് മായാജാലം. ബോക്സിംഗ് ഡേയിൽ ഗാലറി നിറഞ്ഞെത്തിയ കാണികൾ ആ മായാജാലത്തിൽ മയങ്ങിയപ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ അതിനുള്ളിൽപ്പെട്ട് വഴിയറിയാതെ കുഴങ്ങി.
പരന്പരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള നഥാൻ ലിയോണിന്റെയടക്കം കണ്ണുകെട്ടിയ മായങ്കിന്റെ ജാലവിദ്യ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിലാക്കി. മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നവ വന്മമതിലായ ചേതേശ്വർ പൂജാരയും (68 നോട്ടൗട്ട്) വിരാട് കോഹ്ലിയുമാണ് (47 നോട്ടൗട്ട്) ക്രീസിൽ.
ശുഭാരംഭം
ടോസ് നേടിയതുമുതൽ ഇന്ത്യക്ക് കാര്യങ്ങൾ ശുഭമായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും വന്പൻപരാജയമായിരുന്ന ഓപ്പണർമാരായ മുരളി വിജയ് യെയും കെ.എൽ. രാഹുലിനെയും ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ഹനുമ വിഹാരിയും (എട്ട് റണ്‍സ്) മായങ്ക് അഗർവാളുമായിരുന്നു ഓപ്പണിംഗിന് എത്തിയത്.
മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹെയ്സൽവുഡിന്റെയും പേസ് പരീക്ഷണവും ലിയോണിന്റെ സ്പിന്നും അതിജീവിച്ച് ഇരുവരും ഇന്ത്യയെ മുന്നോട്ടുനയിച്ചു. സ്കോർ 40ൽ എത്തിയപ്പോൾ പാറ്റ് കമ്മിൻസിന്റെ അപ്രതീക്ഷിത ബൗണ്‍സിനു മുന്നിൽ വീണു. തന്റെ നേർക്കുവന്ന ഷോർട്ട്ബോൾ ബൗണ്സിൽനിന്ന് രക്ഷപ്പെടാൻ ബാറ്റ് വച്ച വിഹാരി സെക്കൻഡ് സ്ലിപ്പിൽ ഫിഞ്ചിന്റെ കൈകളിൽ അവസാനിച്ചു.
രണ്ടാം വിക്കറ്റിൽ മായങ്കും പൂജാരയും 83 റണ്‍സ് കൂട്ടിച്ചേർത്തു. നേരിട്ട 95-ാം പന്തിൽ മായങ്ക് അർധസെഞ്ചുറി പൂർത്തിയാക്കി. മായങ്കും കമ്മിൻസിന്റെ ഷോർട്ട്ബോൾ ബൗൾസ് കുരുക്കിൽപ്പെട്ടായിരുന്നു പുറത്തായത്. മികച്ച അടിത്തറയിട്ടശേഷമായിരുന്നു മായങ്കിന്റെ മടക്കം. ആ അടിത്തറയിൽ കോഹ്ലിയും പൂജാരയും ഉറച്ചുനിന്നതോടെ ആദ്യദിനം ഇന്ത്യയുടെ വരുതിയിലായി. നേരിട്ട 152-ാം പന്തിൽ പൂജാര തന്റെ 20-ാം അർധശതകം പൂർത്തിയാക്കി. ആദ്യദിനത്തിന്റെ അവസാനം കോഹ്ലിയെ സ്റ്റാർക്കിന്റെ പന്തിൽ ടിം പെയ്ൻ വിട്ടുകളഞ്ഞത് ഇന്ത്യക്ക് ആശ്വാസമായി.
പെർത്ത് ടെസ്റ്റിലെ ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഉമേഷ് യാദവ്, വിജയ്, രാഹുൽ എന്നിവർക്കു പകരമായി രവീന്ദ്ര ജഡേജയും രോഹിത് ശർമയും മായങ്കും ടീമിലെത്തി. ഓസീസ് ടീമിൽ ഹാൻഡ്സ്കോന്പിനു പകരം മിച്ചൽ സ്റ്റാർക്ക് ഉൾപ്പെട്ടു.
ബൗണ്‍സ് കുരുക്ക്
അപ്രതീക്ഷിത ബൗണ്‍സുകൾ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ഇന്നലെ തുടക്കമുതൽ പ്രശ്നം സൃഷ്ടിച്ചു. ബൗണ്സിൽനിന്ന് ഒഴിഞ്ഞുമാറാൻ വിരാട് കോഹ്ലി അടക്കമുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കു സാധിച്ചില്ല. എട്ട് തവണ ഇന്ത്യൻ താരങ്ങളുടെ ശരീരത്തിലും ഹെൽമറ്റിലുമായി പന്ത് കൊണ്ടു.
മിച്ചൽ സ്റ്റാർക്കിന്റെ ഒരു ബൗണ്‍സർ വിക്കറ്റിനു പിന്നിൽ ടിം പെയ്നിനെയും കീഴടക്കി ബൗണ്ടറി കടന്നു. ആ ബൗണ്സിൽനിന്ന് ഒഴിഞ്ഞുമാറിയ കോഹ്ലിയും പന്തെറിഞ്ഞ സ്റ്റാർക്കും അതുകണ്ട് ചിരിച്ചുപോയി. 87-ാം ഓവറിലായിരുന്നു അത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: വിഹാരി സി ഫിഞ്ച് ബി കമ്മിൻസ് 8, മായങ്ക് അഗർവാൾ സി പെയ്ൻ ബി കമ്മിൻസ് 76, പൂജാര നോട്ടൗട്ട് 68, കോഹ്ലി നോട്ടൗട്ട് 47, എക്സ്ട്രാസ് 16, ആകെ 89 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215.
ബൗളിംഗ്: സ്റ്റാർക്ക് 16-6-32-0, ഹെയ്സൽവുഡ് 18-6-45-0, ലിയോണ്‍ 21-4-59-0, കമ്മിൻസ് 19-6-40-2, മിച്ചൽ മാർഷ് 15-3-23-0.
റിക്കാർഡ് അരങ്ങേറ്റം
മായങ്ക് അഗർവാൾ എന്ന ഇരുപത്തേഴുകാരൻ രാജ്യാന്തര അരങ്ങേറ്റത്തിന് നാളിതുവരെ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒരു മാസം 1000ൽ അധികം ഫസ്റ്റ് ക്ലാസ് റണ്‍സ് നേടിയെങ്കിലും ഇന്ത്യൻ ജഴ്സി അണിയാനുള്ള അവസരം ലഭിച്ചില്ല. പരസ്യക്കാരുടെ നെയിം ബോർഡ് ഇല്ലാത്ത ബാറ്റുമായി എത്തിയ മായങ്ക് മെൽബണിൽ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു.
ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ അരങ്ങേറ്റം കുറിച്ച മായങ്ക്, കന്നി മത്സരത്തിൽ 71 വർഷം പഴക്കമുള്ള ഒരു റിക്കാർഡും പഴങ്കഥയാക്കി. ആദ്യ ഇന്നിംഗ്സിൽ 76 റണ്‍സ് നേടിയ അഗർവാൾ, ഓസ്ട്രേലിയയിൽവച്ചുള്ള അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റണ്‍സെടുക്കുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് സ്വന്തമാക്കി. 1947ൽ ഡോണ്‍ ബ്രാഡ്മാന്റെ ഓസ്ട്രേലിയയ്ക്കെതിരേ സിഡ്നിയിൽ ദത്തു പഡ്കർ നേടിയ 51 റണ്‍സാണ് ഇതുവരെയുണ്ടായിരുന്ന റിക്കാർഡ്. 71 വർഷത്തിനുശേഷം മായങ്ക് എന്ന കർണാടകക്കാരൻ അത് തിരുത്തി.
പാറ്റ് കമ്മിൻസിന്റെ ബൗണ്‍സ് ഗ്ലൗവിലുരസിയെത്തിയപ്പോൾ വിക്കറ്റ് കീപ്പർ ടിം പെയ്ൻ പിടിച്ചായിരുന്നു മായങ്ക് മടങ്ങിയത്. അപ്രതീക്ഷിത പുറത്താകലായിരുന്നു അത്.