വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. ടെസ്റ്റില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ രോഹിത് ശര്‍മയ്ക്കു സഹ ഓപ്പണർ മായങ്ക് അഗർവാളും സെഞ്ചുറി നേടി. മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്ത് കുറിക്കപ്പെട്ടത്. 204 പന്തില്‍ നിന്ന് രണ്ടു സിക്സും 13 ബൗണ്ടറികളുമടക്കമാണ് മായങ്ക് സെഞ്ചുറിയിലെത്തിയത്.
രണ്ടാം ദിനം 59.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 202 എന്ന നിലയിൽ ആരംഭിച്ച ഇന്ത്യ ഇന്നിംഗ്സ് മികച്ച റൺനിരക്കിൽ കുതിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 75 ഓവറിൽ 264 റൺസെന്ന നിലയിലാണ് ഇന്ത്യ. 149 റണ്‍സോടെ രോഹിത്തും 111 റണ്‍സോടെ മായങ്കും ക്രീസില്‍ തുടരുകയാണ്.
ഓപ്പണര്‍മാര്‍ വിക്കറ്റ് പോകാതെ നിലയുറപ്പിച്ചതോടെ ഒരുപിടി റിക്കാർഡുകളും തകർക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുക്കെട്ടെന്ന നേട്ടം രോഹിത്-മായങ്ക് സഖ്യം പേരിലാക്കി. 2009ൽ കാൺപൂർ ടെസ്റ്റിൽ വിരേന്ദർ സെവാഗ്-ഗൗതം ഗംഭീർ നേടിയ 233 റൺസിന്റെ കൂട്ടുക്കെട്ടാണ് പഴകഥയായത്.