ബിർമിങാം: ലോകകപ്പ് ക്രിക്കറ്റിനിടെ ഇന്ത്യക്ക് വീണ്ടും പരിക്കിന്റെ വേദന. ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതിനു പിന്നാലെ ഓൾ റൗണ്ടർ വിജയ് ശങ്കറും പുറത്ത്. കാൽവിരലിനേറ്റ പരിക്കാണ് വിജയ് ശങ്കറിന് വിനയായത്. പകരക്കാരനായി കർണാടകയുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ ടീമിലെത്തി.
അപ്രതീക്ഷിതമായി വിളിലഭിച്ച മായങ്ക് അഗർവാൾ ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേരും. എന്നാൽ, ബംഗ്ലദേശിനെതിരായ പ്ലേയിംഗ് ഇലവനിൽ കർണാടക താരം ഉണ്ടാകുമോയെന്നു വ്യക്തമല്ല. ധവാന്റെ പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്ത് ഇന്നും നാലാം നന്പറിൽ ഇറങ്ങാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ കെ.എൽ. രാഹുൽ ഫീൽഡിംഗിനിടെ വീണതിനെത്തുടർന്ന് മൈതാനം വിട്ടിരുന്നു. രാഹുലിനു പരിക്കേറ്റിട്ടുണ്ടോ എന്നതും വ്യക്തമല്ല.
രാഹുൽ പൂർണ ആരോഗ്യവാനാണെങ്കിൽ സ്റ്റാൻഡ് ബൈ ഓപ്പണറായി മായങ്ക് തുടരും. മറിച്ചാണെങ്കിൽ ഇന്ത്യക്കായി താരം ഏകദിന അരങ്ങേറ്റം കുറിക്കും. രാഹുലിനെ നാലാം നന്പറിലേക്ക് ഇറക്കി മായങ്കിനെ ഓപ്പണിംഗിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്. ഓപ്പണിംഗിൽ രാഹുലിന്റെ മെല്ലപ്പോക്കാണ് ഇത്തരമൊരു നീക്കത്തിനു വഴിവയ്ക്കുക.