മായാവതിയെ നേരിട്ട് കണ്ട് പിറന്നാള്‍ ആശംസ നേരണമെങ്കില്‍ നല്‍കേണ്ട തുക അരലക്ഷം രൂപ! അറുപത്തിരണ്ടാം പിറന്നാളില്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് 100 കോടി രൂപ; നേതാവിന്റെ പിറന്നാള്‍ ഇത്തവണയും പാര്‍ട്ടിയ്ക്ക് ധനസമാഹരണ വേദി

ബി.എസ്.പി നേതാവ് മായാവതിയുടെ പിറന്നാള്‍ ആഘോഷം പാര്‍ട്ടിക്കുള്ള ധനസമാഹരണത്തിനുള്ള വേദിയാക്കുകയാണ് ഇത്തവണയും പാര്‍ട്ടി. പിറന്നാള്‍ ദിനമായ ജനുവരി 15ന് ആശംസയോടൊപ്പം 50,000 രൂപ വീതമാണ് പാര്‍ട്ടി ഫണ്ടിലേയ്ക്ക് വാങ്ങുന്നത്. മായാവതിയെ നേരിട്ടു കണ്ട് പിറന്നാള്‍ ആശംസകള്‍ നേരണമെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ നല്‍കേണ്ട തുക 50,000 രൂപയാണ്. മുന്‍പും ഇത്തരത്തില്‍ ധനസമാഹരണം നടത്തിയിട്ടുള്ള മായാവതി മുമ്പത്തെ തവണ ഒരു ലക്ഷം വീതമായിരുന്നു വാങ്ങിയിരുന്നത്.

ബിഎസ്പിയുടെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, മേഖലാ അധ്യക്ഷന്‍മാര്‍ തുടങ്ങി നേതാക്കളോടും പാര്‍ട്ടി ഭാരവാഹികളോടും വ്യാപകമായി പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന പിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50,000 രൂപ വീതം 500 പേരില്‍ നിന്ന് ഓരോരുത്തരും പിരിച്ചെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇങ്ങനെ 25 ലക്ഷം വീതം ഓരോരുത്തരും ഫണ്ടില്‍ നല്‍കണം. അങ്ങനെ മായാവതിയുടെ 62-ാം പിറന്നാളിനോടനുബന്ധിച്ച് 75 കോടി മുതല്‍ 100 കോടിവരെയുള്ള തുക സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനും ദളിതരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മായാവതിയുടെ പിറന്നാളിനോടനുബന്ധിച്ച് ധനസമാഹരണം നടത്തുന്നതെന്ന് ബിഎസ്പി വക്താവ് പറയുന്നു. 1995ല്‍ ആദ്യമായി അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് മായാവതി ജന്മദിനത്തോടനുബന്ധിച്ച് ധനസമാഹരണം നടത്താന്‍ തുടങ്ങിയത്. പിരിച്ചെടുക്കുന്ന പണം വ്യക്തിപരമായി ഉപയോഗിച്ചെന്ന് മായാവതിക്കെതിരായി ആരോപണം ഉയര്‍ന്നിരുന്നു. പതിനായിരം രൂപയായിരുന്നു ആദ്യകാലത്ത് ഓരോരുത്തരില്‍നിന്നും പിരിച്ചിരുന്നത്. കൂടാതെ സ്വര്‍ണം, രത്‌നങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ലഭിച്ചിരുന്നു. ഇവയുപയോഗിച്ച് ഡല്‍ഹിയിലും ലഖ്‌നൗവിലും ബംഗ്ലാവുകളും സ്വത്തുവകകളും വാങ്ങിക്കൂട്ടിയെന്നായിരുന്നു ആരോപണം.

 

Related posts