ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച ബിഎസ്പി അധ്യക്ഷ മായാവതി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേന്ദ്രസർക്കാർ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നു. സ്ത്രീകളുമായി പാർട്ടിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും അവർ പറഞ്ഞു.
മായാവതിയുടെ പ്രസ്താവന ഞെട്ടിച്ചു. പാർട്ടിയിൽ തങ്ങൾ എല്ലാവരും സുരക്ഷിതരാണ്. നല്ല ബന്ധമാണ് പ്രവർത്തകർക്കിടയിലുള്ളത്. മോദിയെയും സ്ത്രീകളെയും അപമാനിച്ച മായാവതി മാപ്പ് പറയണമെന്നും സീതാരാമൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്നായിരുന്നു മായാവതിയുടെ പ്രസ്താവന. ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭര്ത്താക്കന്മാരില് നിന്ന് മോദി വേര്‍പ്പെടുത്തിയേക്കുമെന്ന് അവര്‍ ഭയക്കുന്നതായും മായാവതി ആരോപിച്ചു.
വിഷയത്തില്‍ മോദി നീചമായ രാഷ്ട്രീയമാണ് കളിക്കുന്നത്. ഭാര്യയെ ഉപേക്ഷിച്ച മോദി ഒരിക്കലും സ്ത്രീകളെ ബഹുമാനിച്ചിട്ടില്ലെന്നും മായാവതി പറഞ്ഞു. മായാവതിക്കെതിരെ അരുൺ ജയ്റ്റ്ലി ഉൾപ്പെടെ നിരവധി നേതാക്കൾ രംഗത്തെത്തി.