ലക്നോ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിരോധിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ ബിജെപി തങ്ങൾക്കനുകൂലമായി വ്യാപക ക്രമക്കേടു വരുത്തിയെന്ന സൈബർ വിദഗ്ധന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രതികരണം.
ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ വിദഗ്ധരുടെ വെളിപ്പെടുത്തലോടെ ഇവിഎമ്മുമായി ബന്ധപ്പെട്ട നിഗൂഢത കൂടുതൽ ഗൗരവതരമായിരിക്കുന്നു. രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി ഇവിഎം നിരോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ. തങ്ങളുടെ വോട്ടുകൾ തുടർച്ചയായി കൊള്ളയടിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു – മായാവതി പറഞ്ഞു.
സുതാര്യമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ തന്നെയാണ് അഭികാമ്യമെന്നും അവർ അഭിപ്രായപ്പെട്ടു.ഇവിഎമ്മുകൾ ഹാക്ക് ചെയ്യാനാകുമെന്നും 2014 തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടെന്നും അമേരിക്കൻ ഹാക്കറായ സയിദ് ഷുജ അവകാശപ്പെട്ടിരുന്നു.