സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോർപറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവിൽ നിയമനത്തിനായി പാർട്ടി ജില്ലാസെക്രട്ടറിക്ക് കത്തെഴുതിയ മേയർ ആര്യാരാജേന്ദ്രന്റെ നടപടിയിൽ പ്രതിഷേധിച്ച് കോർപറേഷനിൽ വ്യാപക പ്രതിഷേധം.
ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.
ഭരണസമിതി മറ്റൊരു വിവാദത്തിലേക്ക്
കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കു 295 ഒഴിവുണ്ടെന്നും ഉദ്യോഗാർഥികളുടെ മുൻഗണന പട്ടിക നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്താണു ഇപ്പോൾ സിപിഎമ്മിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
കത്തയച്ചിട്ടില്ലെന്നു മേയറും അങ്ങനെയൊരു കത്ത് കണ്ടിട്ടില്ലെന്നു ജില്ലാ സെക്രട്ടറിയും ആണയിട്ടു പറയുന്നുണ്ടെങ്കിലും പുതിയ വിവാദം ജില്ലയിലെ സിപിഎമ്മിനുള്ളിൽ കടുത്ത ചേരിതിരിവു സൃഷ്ടിച്ചിരിക്കുകയാണ്.
മേയർ തന്റെ ഒൗദ്യോഗിക ലെറ്റർ പാഡിൽ പാർട്ടി ജില്ലാ സെക്രട്ടറിയ്ക്ക് എഴുതിയ കത്ത് പുറത്തായതിനു പിന്നിൽ കോർപറേഷൻ ഭരണസമിതിലെ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണെന്നാണു വിവരം.
സാധാരണയായി ഇത്തരം ഒഴിവുകൾ വരുന്പോൾ പാർട്ടി അറിഞ്ഞു തന്നെയാണു നിയമനങ്ങൾ നടക്കുന്നത്.
എന്നാൽ മേയർ ഒൗദ്യോഗികമായി ഇങ്ങനെയൊരു കത്ത് പാർട്ടി സെക്രട്ടറിയ്ക്കു നൽകുന്നതു അസാധാരണമായ നടപടിയാണ്.
സിപിഎം രീതിയനുസരിച്ചു പാർട്ടി നൽകുന്ന ലിസ്റ്റ് പ്രകാരം നിയമനങ്ങൾ നടത്തു കയാണ്. ഒരുപക്ഷേ മേയർ തന്നെയാണു കത്തു നൽകിയതെങ്കിൽ അത് എങ്ങനെ ചോർന്നൂവെന്നതാണു പ്രധാനം.
പാർട്ടി ജില്ലാ സെക്രട്ടറിയുടെ പക്കൽ നിന്നും കത്തു പുറത്തുപോകാൻ സാധ്യത കുറവാണ്.
സിപിഎം കോർപറേഷൻ പാർലമെന്ററി പാർട്ടി കൂടി അറിഞ്ഞാണു മേയർ കത്തു നൽകിയതെങ്കിൽ കത്തു പുറത്തു പോയതിൽ പാർട്ടി പാർലമെന്ററി സെക്രട്ടറിക്കും ഉത്തരവാദിത്തമുണ്ട്.
മേയറുടെ ഒൗദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
ഇതെങ്ങനെ വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയെന്നതിനെ കുറിച്ചാണ് ഇപ്പോൾ സിപിഎമ്മിൽ ചർച്ച നടക്കുന്നത്. വിഷയം പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തിലിലാണു സിപിഎം നേതൃത്വം.
ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പുതിയ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുകയാണു കോണ്‍ഗ്രസും ബിജെപിയും.
ഇന്നലെ കോർപറേഷൻ ഓഫീസിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
മേയറുടെ ചേംബറിലേക്ക് അതിക്രമിച്ച കടക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതു പോലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമായി.
ഓഫീസിനുള്ളിൽ കുത്തിയിരുന്നു പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി.
രാവിലെ മുതൽ തന്നെ ബിജെപി കൗണ്‍സിലർമാരും പ്രതിഷേധവുമായി മേയറുടെ ചേന്പറിനു മുന്നിലെത്തി.
മേയർ സ്ഥലത്തില്ലാത്തതിനാൽ ഡപ്യൂട്ടി മേയർ പി.കെ.രാജുവിന്റെ ഓഫീസിനു മുന്നിലേയ്ക്കായിരുന്നു ബിജെപി കൗണ്‍സിലർമാരുടെ പ്രതിഷേധം.
ഓഫീസിനു പുറത്തിറങ്ങിയ ഡെപ്യൂട്ടി മേയറും കൗണ്‍സിലർമാരും തമ്മിലുണ്ടായ വാക്കേറ്റം പരസ്പരമുള്ള ഉന്തും തള്ളിലും കലാശിച്ചു. ബഹളത്തിനിടെ ഡപ്യൂട്ടി മേയർ നിലത്തു വീണു.
അദ്ദേഹത്തിന്റെ ഷർട്ടും കറി. നിലത്തുവീണു പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനു യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെ.എസ്. അഖിൽ പരാതി നൽകി.