സാര്‍വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന്‍… സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്…എന്ന വയലാറിനന്റെ ഗാനം കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. അതേ, മറ്റൊരു അന്തര്‍ദേശിയ തൊഴിലാളിദിനം.
നമ്മുടെ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളിയുടെ അവകാശങ്ങളെയും ഓര്‍മപ്പെടുത്തി കൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനം കൂടി.
1886 ല്‍ നടന്ന അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും “ഹേ മാര്‍ക്കറ്റ്’ കലാപത്തിന്റെ സ്മരണ പുതുക്കലായാണ് വര്‍ഷം തോറും തൊഴിലാളിദിനം ആചരിക്കുന്നത്.
നമ്മള് ഓരോരുത്തരുടെയും തൊഴിലിനും തൊഴില്‍ അവകാശങ്ങള്‍ക്കും രാജ്യത്തിന്റേയോ, ഭാഷയുടേയോ, അതിര്വരന്പുകളില്ലെന്നും, തൊഴിലാളികളുടേയെല്ലാം അടിസ്ഥാന പ്രശ്നം ഒന്നും തന്നെയാണെന്നും ഓര്‍മപ്പെടുത്തുന്ന ദിനം കൂടിയാണ് മേയ് ദിനം.
മേയ് മാസം ഒന്നിനാണ് മേയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു.
എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെത്തുടർന്ന് അതിന്റെ സ്മരണക്കായി മേയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. എൺപതോളം രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.
ചരിത്രം
1886ൽ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റിൽ സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേരേ പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല.
യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു. ഇതിന്റെ സ്മരണ പുതുക്കലായാണ് വര്‍ഷം തോറും തൊഴിലാളിദിനം ആചരിക്കുന്നത്.
1904 ൽ ആംസ്റ്റർഡാമിൽ വച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ് എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മേയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്.
സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മേയ് ഒന്നിന് ജോലികൾ നിർത്തിവക്കണമെന്നുള്ള പ്രമേയം യോഗം പാസാക്കി.
അർജന്റീനയിൽ 1909 ൽ മേയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവവെച്ചു കൊല്ലുകയുണ്ടായി, അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി ഇതു കണക്കാക്കുന്നു.
1966-ൽ ഒംഗാനിയായുടെ ഏകാധിപത്യഭരണം മേയ് ദിനാഘോഷങ്ങളെ അർജന്റീനയിൽ നിരോധിച്ചു.
അമേരിക്കൻ ഐക്യനാടുകളിൽ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളി ദിനം. സെപ്തംബർ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കാനഡയിൽ ഔദ്യോഗികമായി തൊഴിലാളി ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നിരുന്നാലും സർവരാജ്യ തൊഴിലാളിദിനം കാനഡയിൽ ആഘോഷിക്കാറുണ്ട്, പക്ഷേ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല എന്നു മാത്രം.
മേയ് ഒന്ന് ഈജിപ്തിൽ ശമ്പളത്തോടൊകൂടിയ അവധിയാണ്. ഘാന, കെനിയ, ലിബിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളിൽ മേയ് ദിനം ആചരിക്കുന്നു.
ഇന്ത്യ ചൈന, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ലെബനൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്.
ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും തൊഴിലാളി ദിനം മറ്റ് ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. റഷ്യ, ജർമനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, ഓസ്ട്രിയ, സ്വീഡൻ, തുർക്കി മുതലായ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്.
ഇന്ത്യയിൽ 1923-ൽ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്.
തൊഴിലാളി വർഗം ഏതൊരു രാജ്യത്തിന്റെയും നിർണായകമായ സാമൂഹ്യ ശക്തിയാണ്. പക്ഷേ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിന്റെ നില എല്ലായിടത്തും പരിതാപകരമാണ്.
തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം എല്ലാ വർഷവും തൊഴിലാളി ദിനം ആചരിക്കുന്നുണ്ടെങ്കിലും,
ഒരു നൂറ്റാണ്ടിലധികം നീളുന്ന മുന്നേറ്റ ചരിത്രങ്ങളുണ്ടായിട്ടും അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നതാണ് യാഥാർഥ്യം.
അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകട്ടെ ഓരോ മേയ്ദിനവും.