പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ പി.പി.
മത്തായി (പൊന്നു)യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം റീ പോസ്റ്റുമോർട്ടം രണ്ടുദിവസത്തിനകം നടന്നേക്കും. കേസുമായി ബന്ധപ്പെട്ട് റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തു നൽകിയിട്ടുണ്ട്.
നാല് സർജൻമാരടങ്ങുന്ന പാനലും അംഗീകാരത്തിനായി നൽകിയിട്ടുണ്ട്. പാനൽ അംഗീകരിച്ചു നൽകിയാൽ ഡോക്ടർമാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് റീ പോസ്റ്റുമോർട്ടം തീരുമാനിക്കും.
അന്വേഷണസംഘം തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.. കേസിൽ ഇതേവരെ പോലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ടെന്നാണ് സൂചന.
വനപാലകർ കസ്റ്റഡിയിലെടുത്ത കർഷകനായ മത്തായി കഴിഞ്ഞ ജൂലൈ 28നാണ് മരിച്ചത്. എന്നാൽ കേസിലെ പ്രതികളെ സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. പോസ്റ്റുമോർട്ടം ഉൾപ്പെടെ നടത്തി ആദ്യം മുതൽ അന്വേഷണം എന്ന നിഗമനത്തിലാണ സിബിഐ സംഘം.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മത്തായിയുടെ മൃതദേഹം പുറത്തെടുത്തുവേണം റീ പോസ്റ്റുമോർട്ടം നടത്തേണ്ടത്. റീ പോസ്റ്റുമോർട്ടം നടത്തിയാലുടൻ സംസ്കാരം എന്ന തീരുമാനത്തിൽ കുടുംബവും എത്തിച്ചേർന്നിട്ടുണ്ട്.