വെള്ളരിക്കുണ്ട്: വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ അപൂര്‍വ കാഴ്ചയായിരുന്ന മയിലുകള്‍ ജില്ലയിലെമ്പാടും പെരുകുന്നു.
വലിയ മരങ്ങള്‍ക്കും ഭക്ഷണസാധനങ്ങള്‍ക്കും ക്ഷാമമില്ലാത്ത വെള്ളരിക്കുണ്ട് താലൂക്കിലെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും മയിലുകളുടെ സാന്നിധ്യം സാധാരണയായിക്കഴിഞ്ഞു.
ദേശീയപക്ഷി എന്ന സംരക്ഷണം കൂടിയുള്ളതിനാല്‍ പൊതുവേ ഇവയെ ആരും ഉപദ്രവിക്കാറില്ല. അതേസമയം കൃഷിനാശം വരുത്തുന്ന കാര്യത്തില്‍ മയിലുകളും ഒട്ടും പിന്നിലല്ലെന്നതാണ് കര്‍ഷകര്‍ക്ക് ആശങ്കയാകുന്നത്.
ജില്ലയുടെ പല ഭാഗങ്ങളിലും സുഭിക്ഷകേരളം പദ്ധതി പ്രകാരം നടത്തിയ നെല്‍കൃഷിക്ക് പ്രധാന വില്ലന്മാരായി തീര്‍ന്നത് മയിലുകളാണ്.
മൂപ്പെത്താറായ നെന്മണികളാണ് ഇവയുടെ ഇഷ്ടഭക്ഷണം. ഇതിനായി കൂട്ടത്തോടെ പാടത്തേക്കിറങ്ങുന്ന മയിലുകള്‍ നെല്‍ച്ചെടികള്‍ ചവിട്ടിമെതിച്ച് നശിപ്പിക്കുന്നതും പതിവാണ്.
തമിഴ്നാട്ടില്‍ പലയിടത്തും മയിലുകളുടെ എണ്ണപ്പെരുപ്പം മൂലം കര്‍ഷകര്‍ക്ക് നെല്‍കൃഷി ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
മണ്ണിര ഉള്‍പ്പെടെയുള്ള മിത്രകീടങ്ങള്‍ക്കും തവള, പാമ്പ് തുടങ്ങിയവയ്ക്കും അന്തകരാണ് മയിലുകള്‍. ഒരു പ്രദേശത്ത് മയിലുകളുടെ എണ്ണം ഒരു പരിധിയില്‍ കൂടുതലായാല്‍ മറ്റൊന്നും അവശേഷിക്കില്ലെന്നാണ് അനുഭവം.
30 വര്‍ഷം മുമ്പുപോലും പൊതുവെ മയിലുകള്‍ ഇല്ലാതിരുന്ന കേരളത്തില്‍ ഇപ്പോള്‍ ഇവയുടെ ക്രമാതീതമായ സാന്നിധ്യമുണ്ടാകുന്നത് പരിസ്ഥിതി സന്തുലനത്തെ കാര്യമായി ബാധിക്കുമെന്ന അവസ്ഥയാണെന്ന് വനം ഗവേഷകരും ചൂണ്ടിക്കാട്ടുന്നു.
നാട്ടുപക്ഷിയെന്ന നിലയിലുള്ള വ്യാപനം തടഞ്ഞ് ഇവയെ കാടുകളില്‍ ഒതുക്കിനിര്ത്തുകയാകും അഭികാമ്യമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.