അയ്യന്തോള്‍(തൃശൂർ): പറന്നുവന്ന മയില്‍ ഇടിച്ച് നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ എട്ടേകാലോടെ അയ്യന്തോള്‍-പുഴയ്ക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലായിരുന്നു അപകടം.
പുന്നയൂര്‍ക്കുളം പീടികപ്പറമ്പില്‍ മോഹനന്റെ മകന് പ്രമോസ്(34) ആണ് മരിച്ചത്. ഭാര്യ വീണയ്ക്കു(26) പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണു പ്രമോസ്. നാലു മാസം മുമ്പായിരുന്നു പ്രമോസിന്റെയും വീണയുടെയും വിവാഹം.
ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടു സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.
ബൈക്കിടിച്ച് മയിലും ചത്തു. മയിലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. മയില്‍ വന്നിടിച്ചതിനെ ത്തുടര്‍ന്നു നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചിരുന്നു.
ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന് ധനേഷിനും(37) പരിക്കേറ്റു.
പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധനേഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെസ്റ്റ് സിഐയുടെയും എസ്ഐയുടെയും നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.