കോട്ടൂർ സുനിൽ
കാട്ടാക്കട: മയിലെണ്ണയും കരടിനെയ്യുമൊക്കെയായി അയൽ സംസ്ഥാനക്കാർ എത്തി തുടങ്ങി. പഴകിയ കുപ്പികളിൽ നിറച്ച കറുത്ത ദ്രാവകമാണ് ഇവർ പ്രദർശിപ്പിക്കുന്നത്. മയിലിന്റെ ചിറകും കരടിയുടെ ഉണക്കിയ പുറംതൊലി എന്നു തോന്നിപ്പിക്കുന്ന ഭാഗങ്ങളും നാട്ടുകാർക്ക് മുന്നിൽ കാണിച്ചാണ് വിൽപന. കുപ്പികളിൽ നിന്നും ദ്രാവകം എടുത്ത് നാട്ടുകാർക്ക് പരിശോധിക്കാനും നൽകും. പലരും അത് വാങ്ങി മടങ്ങുകയാണ് പതിവ്.
ഒടിഞ്ഞ കൈ നേരെയാക്കുമെന്നും പറഞ്ഞാണ് മയിലെണ്ണ വിൽക്കുന്നത്. രോമം വളരാത്തവർക്കായി കരടിനെയ്യും വിൽപനയ്ക്കുണ്ട്. വൻ വിലയാണ് ആദ്യം പറയുക . വിലപേശലിൽ വിലകുറച്ച് നൽകും. ദിവസവും നല്ല കച്ചവടമാണ് നടക്കുന്നത്. പന്നി നെയ്ക്കാണ് ആവശ്യക്കാർ അധികവും. തമിഴ്നാട്ടിലെ വന മേഖലയിൽ നിന്നും കർണാടകത്തിലെ വനമേഖലയിൽ നിന്നും എത്തുന്നവരാണ് ഇവർ.
വനത്തിലെ കാട്ടുമരുന്നുകളും ചില എണ്ണകളും ചേർത്ത് നിർമിക്കുന്ന മരുന്നുകളാണ് വിൽക്കുന്നത്. ഇവർക്ക് പാരന്പര്യമായി നാടൻ വൈദ്യവും അറിയാം. ഇതെല്ലാം ഒരുമിപ്പിച്ചാണ് കാട്ടുവൈദ്യമെന്ന പേരിൽ വിൽപനയ്ക്കെത്തിക്കുന്നത്.
ഒരു കാലത്ത് നാട്ടിൽ വിലസിയിരുന്ന ഇത്തരം നാടോടികൾ പെടുന്നനെ മറഞ്ഞിരുന്നു. എന്നാൽ ഇവരുടെ ഇപ്പോഴത്തെ വരവ് ഈ കച്ചവടത്തിനാണോ അതോ മറ്റ് എന്തിനെങ്കിലുമാണോ എന്ന് പോലീസും സംശയിക്കുന്നസുണ്ട്. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുടെ വിൽപ്പനയ്ക്ക് ഇവരെ ഉപയോഗിക്കുന്നതായി സംശയമുണ്ട്. കഞ്ചാവ് ഓയിൽ ചേർത്ത ലഹരി മരുന്നുകൾ എണ്ണ രൂപത്തിൽ കച്ചവടം നടക്കുന്നതായി പോലിസിന് സംശയം തോന്നിയിട്ടുണ്ട്.
ഇവിടെ എത്തുന്ന നാടോടികൾ അധികവും ലഹരിക്ക് അടിമകളാണ്.കൂടെയുള്ള സ്ത്രീകളും കുട്ടികളും ഈ രീതിയിലാണ് ജീവിക്കുന്നതും. ഈ സാഹചര്യം മുതലെടുത്ത് ഇവരെ ലഹരിവസ്തുക്കളുടെ കച്ചവടത്തിനായി ഉപയോഗപ്പെടുന്നുവെന്നും സംശയമുണ്ട്. പാൻമസാല ഉൾപ്പടെ സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത്തരക്കരെ ഉപയോഗിച്ച് ലഹരി വസ്തുക്കൾ വിൽക്കാനും കഴിയും.