സ്വന്തം ലേഖകൻ
മയ്യിൽ: മയ്യിൽ കടൂരിലെ എൻ.വി.ഷീബയുടെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണവും 1,30,000 രൂപയും കവർന്ന സംഭവത്തിൽ 100 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്.
മയ്യിൽ-മാണിയൂർ-ചക്കരക്കൽ, മയ്യിൽ-മലപ്പട്ടം-ശ്രീകണ്ഠപുരം, മയ്യിൽ-പാവന്നൂർ-ഇരിക്കൂർ, ഇരിക്കൂർ-മട്ടന്നൂർ, മയ്യിൽ-പുതിയതെരു റൂട്ടുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.
കഴിഞ്ഞ ജൂലൈ 17 മുതൽ കവർച്ച നടന്നതായി കണ്ടെത്തിയ 24 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.
ഒരാഴ്ചയ്ക്കിടെ ഏത് ദിവസമാണ് കവർച്ച നടന്നതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നത്.
കൂടാതെ പരിശോധിച്ച മിക്ക സ്ഥലങ്ങളിലും നൈറ്റ് വിഷൻ കാമറയില്ലാത്തതിനാൽ ലഭിച്ച ദൃശ്യങ്ങൾക്ക് വ്യക്തതയുമില്ല.
കവർച്ച നടന്ന വീടിന് സമീപത്തെ രണ്ട് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കവർച്ച നടന്ന വീട്ടിലേക്കും വീടിന് മുന്നിലെ റോഡിലേക്കുമുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല.
വിരലടയാള വിദഗ്ധർ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ആറ് വിരലടയാളങ്ങളിൽ മൂന്നെണ്ണം കവർച്ചക്കാരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് അലമാരയുടെ ഡ്രോയറിൽ നിന്നും മൊബൈൽ ഫോണിന്റെ ബോക്സിൽ നിന്നുമാണ് വിരലടയാളങ്ങൾ ലഭിച്ചത്.
ഇവ അന്വേഷണ സംഘം കൃത്യമായി പരിശോധിച്ച് വരികയാണ്.വീടിനെക്കുറിച്ച് കൃത്യമായി മനസിലാക്കിയ പ്രഫഷണൽ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ജൂലൈ 24 നാണ് കവർച്ച നടന്നതായി വീട്ടുകാർ അറിഞ്ഞത്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ഷീബ ഇരിട്ടി പുന്നാടാണ് താമസം.
ഭർത്താവ് വി.പി. സജിത്ത് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ആഴ്ചയിൽ ഒരിക്കലാണ് ഷീബ കടൂരിലെ വീട്ടിലേക്ക് വരാറുള്ളത്.
ജൂലൈ 17 നാണ് അവസാനം ഷീബ വീട്ടിലെത്തി ഇരിട്ടിയിലേക്ക് മടങ്ങിയത്. തുടർന്ന് 24 ന് രാവിലെ വീട് വൃത്തിയാക്കുന്നതിനും മറ്റുമായി വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്.
മയ്യിൽ സിഐ ടി.പി. സുമേഷിന്റെ മേൽനോട്ടത്തിൽ എസ്ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.