ഷൊർണൂർ: ഷൊർണൂരിനൊരു ബസ് ചരിത്രമുണ്ട്. ഈ ചരിത്രം പാലക്കാടിന്റെകൂടി യാത്രാചരിത്രമാണ്. പോയ കാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് ചരിത്രമെങ്കിൽ ഷൊർണൂർ മയിൽവാഹനം ബസ് സർവീസും ഈ ചരിത്രത്തിന്റെ ഭാഗമാണ്.
കോട്ടയത്തുനിന്ന് ഷൊർണൂരിലെത്തിയ ക്രൈസ്തവ കുടുംബമായ ചെമ്മരിക്കാട്ട് സി.എ. എബ്രഹാം തുടങ്ങിവച്ച മയിൽവാഹനം സർവീസ് കുടുംബ പരന്പരകളിലൂടെ പടർന്നുപന്തലിച്ചതാണ് മയിൽവാഹനത്തിന്റെ ചരിത്രം.
കാലങ്ങൾക്കപ്പുറത്തേക്കൊന്നു പിൻതിരിഞ്ഞുനോക്കിയാൽ വള്ളുവനാടൻ ഗ്രാമീണപാതകളിൽ രാജാക്കന്മാരായിരുന്നു ഇവർ.
ഷൊർണൂരിലെ മയിൽവാഹനം കന്പനിയിൽ ജോലിയുള്ളവരെ ആദരവോടെ നോക്കിയിരുന്ന ഒരു പോയകാലം വള്ളുവനാടൻ ഗ്രാമങ്ങളിലുണ്ടായിരുന്നു.
പട്ടാന്പിയും ഷൊർണൂരും ഒറ്റപ്പാലവും ചെർപ്പുളശേരിയുമടങ്ങുന്ന വള്ളുവനാടൻ ഗ്രാമീണപാതയിൽ പൊടിയിലും മണ്ണിലും ആറാടി കാട്ടുകുതിരയുടെ ശക്തിയും നാട്ടുരാജാവിന്റെ ഗമയുമായി മയിൽവാഹനങ്ങൾ നിരത്തിലോടിയിരുന്ന കാലം ഏറേ വിദൂരമല്ല.
വീട്ടമ്മമാർക്കുപോലും ചിരപരിചിതമായ വള്ളുവനാടിന്റെ മാത്രം മയിൽവാഹനങ്ങൾ നാട്ടുകവലയിലെ നേരംകൊല്ലികൾക്കുപോലും സമയത്തിന്റെ വിലയോതിയെത്തിയിരുന്നു. പഴയ മയിൽവാഹനം ബസുകൾ ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്.
ഗുരുവായൂരപ്പനെ കാണാൻ പാലക്കാട്ടുകാർ മയിൽവാഹനം കാത്തുനിന്നിരുന്ന കാലം ഇന്നും പഴമക്കാർക്കു സുഗന്ധമുള്ള ഓർമയാണ്.
ന്യു ജനറേഷൻ കാലത്തെ വെല്ലുന്ന ആഡംബര ബസുകളുടെയും, നാട്ടുപാതകളിലൂടെ മാത്രമായി മുൻകാലങ്ങളിൽ ഓടിത്തുടങ്ങിയ മിനി ബസുകളുടെയും ആധിക്യം കൊണ്ട് നാട്ടിൻപുറങ്ങളിൽനിന്നും പിൻവാങ്ങുകയായിരുന്നു മയിൽവാഹനം.
ചെമ്മരിക്കാട്ട് കുടുംബത്തിൽ മരുമകളായത്തിയ ഗീത ഏബ്രഹാമുമായി മുൻ രാഷ്ട്രപതി കെ.ആർ. നാരായണന് ആഴത്തിലുള്ള സുഹൃദ് ബന്ധമാണ് ഉണ്ടായിരുന്നത്.ഇവരുടെ വീട്ടിൽ നിരവധി തവണ അദ്ദേഹവും പത്നി ഉഷ നാരായണനും വരികയുണ്ടായിട്ടുണ്ട്.
മുഖ്യമന്ത്രിയായിരിക്കെയും അല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടിയും പല തവണ മയിൽവാഹനത്തിന്റെ തറവാട്ടുമുറ്റം കടന്ന് ഇവിടേക്കെത്താറുണ്ട്. കാലം മാറിയെങ്കിലും നാമമാത്രമായി ഇന്നും ചില റൂട്ടുകളിൽ മയിൽവാഹനം സർവീസ് നടത്തുന്നതു മാത്രമാണ് ആ വലിയ ട്രാൻസ്പോർട്ട് കന്പനിയുടെ പേരു നില നിർത്തുന്നത്.
പാലക്കാട് ജില്ലയിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസ് വ്യവസായ ശൃംഖലയായിരുന്നു മയിൽവാഹനം ബസ് സർവീസ്.കാലചക്രത്തിന്റെ അനുസ്യൂത പ്രവാഹത്തിൽ നൂറിനു പുറത്ത് ബസുകളുണ്ടായിരുന്ന മയിൽവാഹനം സർവീസും ക്ഷയിക്കുകയായിരുന്നു.
എന്നാലിന്നും പേരിനുമാത്രമായി ഈ സർവീസ് നിലനിൽക്കുന്നുവെന്നു മാത്രം.ജില്ലയിലെ ഏറ്റവും വലിയ ബസ് സർവീസ് മേഖലയായിരുന്ന മയിൽവാഹനം കന്പനി ഷൊർണൂർ ചെമ്മരിക്കാട്ടു കുടുംബക്കാരുടേതായിരുന്നു. കാലം മാറിയെങ്കിലും അരനൂറ്റാണ്ടിന്റെ യാത്രാചരിത്രമാണ് മയിൽവാഹനത്തിന് ഇന്നും പറയാനുള്ളത്.