തൃശൂര്‍: അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എടക്കുളം അമ്മാനത്ത് വീട്ടിൽ ശശീന്ദ്രന്റെ (57) മരണവുമായി ബന്ധപ്പെട്ട് മകൻ ആയുര്‍വേദ ഡോക്ടറായ മയൂരനാഥന് (25) ആണ് അറസ്റ്റിലായത്. കടലക്കറിയില്‍ വിഷം കലര്‍ത്തി ശശീന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു.
അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകമൂലമാണ് വിഷം കലര്‍ത്തിയത്. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം ഉണ്ടാക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ശശീന്ദ്രന്റെ അമ്മ കമലാക്ഷി (92), ഭാര്യ ഗീത(53) വീട്ടിൽ തെങ്ങുകയറാനെത്തിയ വേലൂർ സ്വദേശികളായ ശ്രീരാമചന്ദ്രൻ (50), ചന്ദ്രൻ (47) എന്നിവർ രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുകയാണ്.
ഇഡ്ഡലിയും സാന്പാറും കടലക്കറിയുമായിരുന്നു പ്രഭാതഭക്ഷണമായി ഉണ്ടായിരുന്നത്. ഭക്ഷണശേഷം സ്കൂട്ടറിൽ എടിഎമ്മിലേക്കു പോയപ്പോഴായിരുന്നു ശശീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടത്.
വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ആരോഗ്യ സർവകലാശാലയുടെ എടിഎമ്മിൽനിന്നു പണമെടുത്ത ശേഷം തൊട്ടടുത്ത കോഫി ഹൗസിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഹൗസ് സർജനാണ് ശശീന്ദ്രനെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
വായിൽനിന്നു നുരയും പതയും വിറയലുമായി അല്പസമയത്തിനുള്ളിൽ മരണം സ്ഥിരീകരിച്ചു. ഡോക്ടറായ മകൻ മയൂരനാഥന് പോസ്റ്റ്മോർട്ടം വേണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നു.
ഭാര്യക്കും അമ്മയ്ക്കും ഛർദ്ദിയും രോഗലക്ഷണങ്ങളും കണ്ടതിനെത്തുടർന്ന് മൃതദേഹം കൊണ്ടുവന്ന ആബുലൻസിൽത്തന്നെ തിരികേ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മകന്റെ മരണവിവരമറിഞ്ഞതിനു പിന്നാലെ അമ്മ കമലാക്ഷി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. മരണവിവരമറിഞ്ഞതിന്റെ ആഘാതത്തിലാകാം ഇതെന്നാണു നാട്ടുകാർ കരുതിയത്.
തുടർന്ന് ഇവരെ അമല മെഡിക്കൽ കോളജിൽ എത്തിച്ചു. പിന്നാലെ ശശീന്ദ്രന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്ന തെങ്ങുകയറ്റ തൊഴിലാളികളും സമാനലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഇതോടെയാണു ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്ന നിഗമനത്തിലേക്ക് എത്തുന്നത്.