തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഡി.ആർ. അനിലിന്റെ മൊഴി ക്രൈംബ്രാഞ്ചും വിജിലൻസും രേഖപ്പെടുത്തി.
മേയർ ആര്യാരാജേന്ദ്രൻ പേരിൽ സിപിഎം ജില്ലാ സെക്രട്ടറിക്കുള്ള കത്ത് താൻ കണ്ടിട്ടില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നും ഡി.ആർ. അനിൽ മൊഴി നൽകി.
അതേസമയം എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനായി ഒരു കത്ത് താൻ തയാറാക്കിയിരുന്നുവെന്നും എന്നാൽ കത്ത് കൊടുത്തില്ലെന്നും അനിൽ പറഞ്ഞു.
ഒരു പബ്ലിസിറ്റിക്ക് വേണ്ടിയാണ് കത്ത് തയാറാക്കിയത്. ഓഫീസിൽ വച്ച് തയാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നാണ് ഡി.ആർ. അനിൽ മൊഴി നൽകിയത്.
അതേ സമയം കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് ഇന്ന് നൽകും. നേരത്തെ മേയറിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുത്തിരുന്നു.
കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടായിരിക്കും ക്രൈംബ്രാഞ്ച് സംഘം സമർപ്പിക്കുന്നത്.
ക്രൈംബ്രാഞ്ച് എസ്പി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
കേസിൽ നിര്‍ണായക തെളിവായ കത്തിന്റെ യഥാർത്ഥ പകർപ്പ് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കത്ത് വ്യാജമാണെങ്കിൽ അത് തയ്യാറാക്കിയത് ആരെന്നും കണ്ടത്തേണ്ടതുണ്ട്. അതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശിപാർശ. തന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയറുടെ മൊഴി.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ വിജിലന്‍സ് ഇന്ന് കോര്പ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും.
ഇന്നലെ മേയറുടെ ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിജിലൻസ് സംഘം ഇന്ന് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും. നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടർക്ക് സമര്‍പ്പിച്ചേക്കും.
പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
നിയമനക്കത്ത് വിവാദത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. .വി. എസ്. ശിവകുമാറിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ സെൻട്രൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തും.
സമര മുഖത്തുള്ള കോൺഗ്രസ് കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഇന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സമരപന്തലിൽ എത്തും. ബിജെപി കൗൺസിലർമാർ ഇന്ന് പ്രധാന കവാടം ഉപരോധിക്കും. ഓഫീസിനകത്താണ് ഇന്നത്തെ സമരം.