എം.സുരേഷ് ബാബു
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറായി ബിരുദ വിദ്യാർഥി ആര്യാ രാജേന്ദ്രൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ബഹുമതി കൂടി ഇനി ആര്യക്ക് സ്വന്തം.
ആര്യയെ മേയറാക്കാനുള്ള സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
സ്വന്തമായി ഒരു സെന്റ് വസ്തുവോ വീടോ ഇല്ലാതെ വർഷങ്ങളായി മാതാപിതാക്കളോടൊപ്പം വാടകവീട്ടിൽ താമസിച്ച് പഠനം നടത്തി വരുന്ന ആര്യയ്ക്ക് സാധാരണക്കാരായ ജനങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആര്യയുടെ വാർഡിലെ ജനങ്ങൾ.
ഇലക്ട്രീഷ്യനായ പിതാവിന്റെയും എൽഐസി ഏജന്റായ മാതാവിന്റെയും വരുമാനത്തിൽ പഠനവുമായി മുന്നോട്ട് പോകുന്ന ആര്യ തുന്പ സെന്റ് സേവിയേഴ്സ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
നോർവെയിലെ ജോനാസ് ആൻഡേഴ്സണ് എന്ന ഇരുപത്തിരണ്ടുകാരനായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ബഹുമതിക്ക് അർഹനായിരുന്നത്.
എന്നാൽ ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ ഈ പദവിയിലെത്തുന്നതോടെ പുതിയ ചരിത്രമാകുകയാണ്. ബാലസംഘത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്ന ആര്യ നിലവിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച് വരുന്നു. അതോടൊപ്പം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മുടവൻമുകളിലെ വാടകവീട്ടിൽ താമസിക്കുന്ന ആര്യയുടെ പുതിയ സ്ഥാനലബ്ധിയിൽ പ്രദേശവാസികളും സുഹൃത്തുക്കളും വിദ്യാർഥി സമൂഹവും ഏറെ സന്തോഷത്തിലാണ്.
മലയാളത്തിലെ മെഗാ സൂപ്പർസ്റ്റാർ മോഹൻലാൽ ഉൾപ്പടെയുള്ള പ്രമുഖർ താമസിക്കുന്ന പ്രദേശം കൂടിയാണ് ആര്യാ രാജേന്ദ്രൻ പ്രതിനിധാനം ചെയ്യുന്ന വാർഡ്. സഹോദരൻ അരവിന്ദ് വിദേശത്താണ്.