തിരുവനന്തപുരം നഗരസഭയില് താല്ക്കാലിക നിയമനത്തിനായി ആളുകളെ നിര്ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര് ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന് പാര്ട്ടിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇത് പൊതുജനമധ്യത്തില് വലിയ മാനഹാനിയാണ് പാര്ട്ടിയ്ക്ക് ഉണ്ടാക്കുന്നത്. കത്ത് വ്യാജമെന്ന് പറഞ്ഞാല് അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നതാണ് പാര്ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
അങ്ങനെ വന്നാല് അതുണ്ടാക്കിയവര് കേസില് പ്രതികളാവുകയും ചെയ്യും. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്നം ഒത്തുതീര്പ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്
എന്നാല് കാര്യങ്ങള് കൈവിട്ട് പോയെന്ന് സിപിഎം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്്. ഒരെണ്ണമല്ല രണ്ട് കത്താണ് പുറത്തുവന്നിരിക്കുന്നത് ഒന്ന് സിപിഎം പാര്ലമെന്ററി പാര്ട്ടി നേതാവ് ഡി ആര് അനില് എഴുതിയ കത്തും മറ്റൊന്ന് മേയര് എഴുതിയ കത്തും.
രണ്ടിന്റെയും അടിസ്ഥാനം താല്ക്കാലിക നിയമനങ്ങള് തന്നെയാണ്.ഇതേ തുടര്ന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇടപെട്ട് ഒഴിവുകളില് നിയമനം എംപ്ളോയ്മെന്റ് എക്സേഞ്ച് വഴിയാക്കിയിട്ടുണ്ട്്.
മേയറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നു കഴിഞ്ഞു. യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിട്ടുണ്ട്.
ബിജെപിയുടെ കോര്പറേഷന് ഉപരോധത്തിനിടെ സംഘര്ഷവുമുണ്ടായി ഡെപ്യൂട്ടി മേയര് പി.കെ.രാജു, ബിജെപി കൗണ്സിലര് കരമന അജിത്ത് എന്നിവര്ക്ക് പരുക്കേറ്റു.
നഗരസഭയിലെ പ്രതിപക്ഷമായ ബി ജെ പിയും നിയമസഭയിലെ പ്രതിപക്ഷമായ കോണ്ഗ്രസും മേയര്ക്കെതിരെ വലിയ പ്രതിഷേധങ്ങള്ക്കൊരുങ്ങുകയാണ്.