തൃശൂർ: കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നതു സംബന്ധിച്ചും കോണ്‍ഗ്രസിൽ തർക്കം. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നറിയാമെങ്കിലും സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ എ, ഐ ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ല. എങ്ങാനും ബിജെപിയംഗങ്ങൾ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ വിജയിക്കുമെന്നുള്ളതിനാലാകും തർക്കമെന്ന് ചോദിച്ചാൽ നേതാക്കൾക്ക് ഉത്തരമുണ്ട്. ബിജെപിയുടെ വോട്ട് കൊണ്ട് ജയിച്ചാൽ ആ സ്ഥാനം രാജിവയ്ക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം.
12നാണ് കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ്. ഐ വിഭാഗത്തിനാണ് മേയർ സ്ഥാനാർഥിയെ നിർത്താനുള്ള അവകാശം. എന്നാൽ ഐ ഗ്രൂപ്പിലെ മുൻ മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ മകൾ കൂടിയായ സി.ബി.ഗീതയ്ക്ക് സ്ഥാനാർഥിയാകാൻ താൽപര്യമില്ലാത്തതിനാൽ സ്ഥാനം എ ഗ്രൂപ്പിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് മുൻ ഡെപ്യൂട്ടി മേയറായിരുന്ന കോണ്‍ഗ്രസ് എ വിഭാഗത്തിലെ സൂബി ബാബുവിനെ മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ഏകദേശ ധാരണയായത്.
എന്നാൽ സി.ബി.ഗീതയില്ലെങ്കിൽ ഐ ഗ്രൂപ്പിൽ വേറെ ആളുകളുണ്ടെന്നും തങ്ങൾക്ക് സ്ഥാനാർഥിത്വം വേണമെന്നും അവകാശപ്പെട്ട് ഐ ഗ്രൂപ്പിൽ കലാപം ഉയർന്നതോടെയാണ് മേയർ സ്ഥാനാർഥിയെ സംബന്ധിച്ച് വീണ്ടും തർക്കം രൂക്ഷമായത്. ഐ വിഭാഗത്തിലെ ലാലി ജെയിംസ്, ജയ മുത്തുപീടിക എന്നിവരിലാരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗം അവകാശവാദമുയർത്തിയിരിക്കുന്നത്. സി.ബി.ഗീതയുടെ ഏകാധിപത്യ നിലപാടിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.
തോൽക്കാനുള്ള സ്ഥാനാർഥിയാകുന്നതിനെ സംബന്ധിച്ചും കോണ്‍ഗ്രസിൽ തർക്കം മൂത്തതോടെ പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്ന് കരുതി ഡിസിസി പ്രശ്നത്തിൽ ഇടപെട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ മുൻകൈയെടുത്താണ് ഇന്നു ഡിസിസിയിൽ പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർത്തിരിക്കുന്നത്. വൈകീട്ട് നാലിന് ചേരുന്ന യോഗത്തിൽ മുൻ മേയർ ഐ.പി.പോളിനെയും ക്ഷണിച്ചിട്ടുണ്ട്.
ഈ യോഗത്തിൽ ധാരണയായാൽ അഞ്ചിന് ചേരുന്ന കൗണ്‍സിലർമാരുടെ യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും.ഭരണകക്ഷി സിപിഐയിലെ അജിത വിജയനെ മേയർ സ്ഥാനാർഥിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തു.