കൊച്ചി: അധികാര കൈമാറ്റ ഉടന്പടിയുടെ ഭാഗമായി എ ഗ്രൂപ്പുകാരിയായ മേയർ സൗമിനി ജെയിനെ മാറ്റാൻ കോണ്‍ഗ്രസിനുള്ളിൽ പടയൊരുക്കം. മേയറുടെ ഗ്രൂപ്പിൽ തന്നെയുള്ളവർ ഇതിനായി മുറവിളി ശക്തമാക്കിയിട്ട് നാളേറെയായെങ്കിലും ഫലം കിട്ടാതായതോടെ പാർട്ടിക്കുള്ളിൽ സമ്മർദ്ദതന്ത്രം പയറ്റി കാര്യം നേടിയെടുക്കാനുള്ള ചരടുവലിയിലാണവർ.
മേയറെ മാറ്റാനുള്ള സമ്മർദം പല കോണിൽനിന്നു ശക്തമാക്കാൻ ശ്രമിക്കുന്പോൾ സംരക്ഷണ വലയമൊരുക്കി എ ഗ്രൂപ്പിലെ തന്നെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ മേയർക്കൊപ്പമുണ്ട്. എന്തു തന്നെയായാലും പാർലമെന്റ് ഇലക്ഷൻ കഴിയുന്നതുവരെ അധികാരമാറ്റം വേണ്ട എന്ന നിലപാടിലാണവർ.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകേണ്ട ഘട്ടത്തിൽ മറ്റു കാര്യങ്ങളിലേക്കു നീങ്ങേണ്ടതില്ലെന്നാണു നേതൃത്വത്തിന്റെ നിലപാട്.
അതേസമയം അധികാരമാറ്റം സംബന്ധിച്ച ഉന്നതതല ചർച്ചകൾ സമാന്തരമായി നടക്കുന്നുണ്ടെന്ന സംബന്ധിച്ചും വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ 26ന് ഇതുസംബന്ധിച്ച യോഗം എ ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തിൽ ചേർന്നെന്നും മേയറോട് രാജി ആവശ്യപ്പെട്ടെന്നുമാണ് വർത്ത. എന്നാൽ യോഗത്തിൽ പങ്കെടുത്തതായി പറയുന്ന നേതാക്കൾ ഇതു നിഷേധിച്ചു. അങ്ങനെയൊരു യോഗം ചേർന്നിട്ടേയില്ല എന്നാണവർ പറയുന്നത്.
രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചെന്ന വാർത്ത മേയറും നിഷേധിച്ചു. അധികാരമാറ്റം ഉടനില്ലെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് ഉണ്ടാകുമെന്നു മാത്രമാണ് അവർ ഇപ്പോൾ നൽകുന്ന സൂചന. സൗമിനി ജെയിന് പകരം ഫോർട്ടുകൊച്ചി ഡിവിഷനിൽ നിന്നുള്ള ഷൈനി മാത്യു ആയിരിക്കും അടുത്ത മേയർ എന്ന് ഏറെക്കുറെ ഉറപ്പായി. എ, ഐ ഗ്രൂപ്പ് നേതാക്കൾ ഇതു വ്യക്തമാക്കിയിട്ടുമുണ്ട്.
നിലവിൽ നഗരാസൂത്രണകാര്യ സ്ഥിരം സമിതി അധ്യക്ഷയാണ് ഷൈനി മാത്യു. രണ്ടാം യുഡിഎഫ് ഭരണ സമിതി അധികാരമേൽക്കുന്ന ഘട്ടത്തിൽ മേയർ സ്ഥാനത്തിന് ഏറെ സാധ്യത കൽപ്പിച്ചിരുന്നതും ഷൈനിക്കായിരുന്നു. പ്രവർത്തിപരിചയം കണക്കിലെടുത്താണ് സൗമിനി ജെയിന് നറുക്കു വീണത്. ഇരുവരും എ ഗ്രൂപ്പുകാരാണ്. രണ്ടര വർഷത്തിനുശേഷം സൗമിനി മേയർ സ്ഥാനത്തുനിന്ന് മാറണമെന്നും അന്ന് ധാരണയുണ്ടാക്കിയിരുന്നു.
മേയർ സ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി മേയർ സ്ഥാനത്തിലും അഞ്ചു സ്റ്റാൻഡിംഗ് കമ്മിറ്റികളിലും മാറ്റമുണ്ടാകും. ടി.ജെ. വിനോദ് ഡിസിസി പ്രസിഡന്റായപ്പോൾ തന്നെ ഡെപ്യൂട്ടി മേയർ പദവി ഒഴിയണമെന്ന് ആവശ്യമുയർന്നിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പിനായതിനാൽ ഐ ഗ്രൂപ്പിലെ 18-ാം ഡിവിഷനിൽ നിന്നുള്ള കെ.ആർ. പ്രേംകുമാറിനാണ് ആ സ്ഥാനത്തേക്ക് ഏറെ സാധ്യത.
വികസന സമിതി അധ്യക്ഷ ഗ്രേസി ജോസഫിന് പകരം വടുതല വെസ്റ്റ് കൗണ്‍സിലർ ഡെലീന പിൻഹീറോ ചെയർപേഴ്സണായേക്കും. ക്ഷേമകാര്യ സമിതി അധ്യക്ഷൻ എ.ബി. സാബു, നികുതികാര്യ സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ എന്നിവരും മാറേണ്ടിവരും. നിലവിൽ കേരള കോണ്‍ഗ്രസിന് അധ്യക്ഷപദവി ഇല്ലാത്തതിനാൽ എ.ബി. സാബുവിനു പകരം കേരളാ കോണ്‍ഗ്രസ് പ്രതിനിധി ജോണ്സണ് മാസ്റ്റർക്ക് ആ സ്ഥാനം നൽകിയേക്കും.
സൗമിനി ജെയിന് താൽപര്യമുണ്ടെങ്കിൽ ടൗണ്‍ പ്ലാനിംഗ് സമിതി അധ്യക്ഷസ്ഥാനം നൽകാനും പ്രാഥമിക ധാരണയുണ്ട്. ആരോഗ്യ സ്ഥിരംസമിതിയിൽ നിലവിൽ യുഡിഎഫിന് ഭൂരിപക്ഷം ഇല്ലാത്തതിനാൽ മിനിമോൾ രാജിവയ്ക്കേണ്ടി വരില്ല. മുസ് ലിം ലീഗിനുള്ള പൊതുമരാമത്ത് സമിതി അധ്യക്ഷ സ്ഥാനം ഹാരിസിന് പകരം ടി.കെ. അഷറഫിനു നൽകിയേക്കുമെന്നും സൂചനയുണ്ട്.