ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആചാരങ്ങളുടെ ഭാഗമായി വിചിത്രമായ പലതും നടക്കാറുണ്ട്. ഇത്തരത്തിൽ ആചാരങ്ങളുടെ ഭാഗമായി ഒരാൾ മുതലക്കുഞ്ഞിനെ വിവാഹം ചെയ്യുകയാണുണ്ടായത്. മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുലയിലെ മേയറാണ് തന്റെ നവവധുവായി മുതലക്കുഞ്ഞിനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ആചാരപരമായി ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇവിടെയുള്ള മീൻപിടുത്തക്കാർക്ക് കൂടുതൽ ഭാഗ്യമുണ്ടാകാനാണ് ഈ ആചാരമെന്നാണ് വിശദീകരണം.
മുതലയെ വിവാഹ വസ്ത്രങ്ങളണിയിച്ച് മനോഹരിയാക്കിയാണ് മണ്ഡപത്തിൽ എത്തിച്ചത്. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേയർ മുതലയെ ജീവിതസഖിയാക്കി. എല്ലാവർഷവും മേയർ ഇത്തരത്തിൽ മുതലകളെ വിവാഹം കഴിക്കാറുണ്ടെന്നതാണ് പ്രത്യേകത. വിവാഹത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.