തിരുവനന്തപുരം: മാലിന്യമുള്ള സ്ഥലങ്ങളിൽ നിന്ന് അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിനും അത്തരം സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടു കൂടി ശുചീകരണം നടത്താനും ഹരിത വനവൽക്കരണം ഉൾപ്പെടെയുള്ള പദ്ധതികൾ ഏറ്റെടുക്കാനും തീരുമാനിച്ചതായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.
തിങ്കളാഴ്ച കൂടിയ മേയേഴ്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനം ആയത്. സംസ്ഥാന സർക്കാർ എല്ലാവർക്കും ഡിജിറ്റൽ വിജ്ഞാനം പകർന്ന് നൽകണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി എല്ലാ കോർപ്പറേഷനുകളിലും നടപ്പാക്കണമെന്ന് തീരുമാനിച്ചതായും മേയർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
മേയേഴ്സ് കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നു. മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം മാലിന്യ സംസ്കരണത്തിൽ ഇന്ന് കൈവന്നിട്ടുള്ള പുരോഗതി മുന്നോട്ടു കൊണ്ടുപോകാനും പൂർത്തീകരിക്കാനും ആവശ്യമായ എല്ലാ നടപടികളും കോർപ്പറേഷനുകൾ ഏറ്റെടുക്കും.
മാലിന്യമുള്ള സ്ഥലങ്ങളിൽ നിന്ന് അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിനും അത്തരം സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടു കൂടി ശുചീകരണം നടത്താനും ഹരിതവനവൽക്കരണം ഉൾപ്പെടെയുള്ള പദ്ധതികൾ ഏറ്റെടുക്കാനും തീരുമാനിച്ചു.
സംസ്ഥാന സർക്കാർ എല്ലാവർക്കും ഡിജിറ്റൽ വിജ്ഞാനം പകർന്ന് നൽകണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി എല്ലാ കോർപ്പറേഷനുകളിലും നടപ്പാക്കണമെന്ന് തീരുമാനിച്ചു.
അതിദാരിദ്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ എല്ലാ നഗരസഭകളിലും മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട് എന്ന് യോഗം വിലയിരുത്തി. സമയബന്ധിതമായി അതിദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നപദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും നഗരസഭകളിൽ നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു.