കൂത്തുപറമ്പ്: മൈസൂരിനടുത്ത മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശികളും ദമ്പതികളുമായ നാലു പേർ മരിച്ചു. കോട്ടയം പൊയിൽ ഏഴാംമൈൽ ശ്രീധരൻ മാസ്റ്റർ റോഡിൽ ഈക്കിലിശേരി വീട്ടിൽ ജയദീപ് (27), ഭാര്യ ജ്ഞാന തീർത്ഥ (25), ഏഴാം മൈൽ അഭയം ഹൗസിൽ കിരൺ അശോക് (27), ഭാര്യ ജിൻസി ( 24),എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്കായി പോയതായിരുന്നു ഇവർ. ഇന്നലെ രാത്രി 11 ഓടെ ഇവർ സഞ്ചരിച്ച കാറും മറ്റാരു ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
പ്രകാശൻ – ദീപജ ദമ്പതികളുടെ മകനാണ് മരിച്ച ജയദീപ്. സൗദിയിൽ കപ്പലിലെ ജീവനക്കാരനാണ്. ഒരു വർഷം മുമ്പായിരുന്നു വീടിനു സമീപം തന്നെ താമസക്കാരായ വത്സൻ -പ്രജിത ദമ്പതികളുടെ മകളായ ജ്ഞാന തീർത്ഥയുമായുള്ള ജയദീപിന്റെ വിവാഹം. ജിൻസിയാണ് ജയദീപിന്റെ സഹോദരി. അനുഗ്രഫ് (ബി.ടെക് വിദ്യാർഥി, മംഗലാപുരം) ജ്ഞാന തീർത്ഥയുടെ സഹോദരനാണ്. ഏഴാംമൈലിലെ പ്രകാശൻ -ഭാർഗവി ദമ്പതികളുടെ മകനാണ് മരിച്ച കിരൺ അശോക്. ഫോട്ടോഗ്രാഫറാണ്.
ഒരു മാസം മുമ്പായിരുന്നു ചൊക്ലി പെരിയാണ്ടി സ്കൂളിനു സമീപം രാജൻ – സജിത ദമ്പതികളുടെ മകളായ ജിൻസിയുമായുള്ള കിരണിന്റെ വിവാഹം നടന്നത്. കൗശൽ അശോക് ആണ് കിരണിന്റെ സഹോദരൻ. ജിജിന (അമേരിക്ക), കുക്കു എന്നിവർ മരിച്ച ജിൻസിയുടെ സഹോദരങ്ങളാണ്. മരണ വിവരമറിഞ്ഞ് ഇരുവരുടേയും ബന്ധുക്കൾ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.