ചിറ്റൂർ: മേട്ടുപ്പാളയം-ചിറ്റൂർപുഴപാലം തിരിവുറോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്പോഴും അപകടങ്ങൾ തടയുന്നതിനു പൊതുമരാമത്ത് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. ഇന്നലെ രാവിലെ ഏഴരയ്ക്ക് മേട്ടുപ്പാളം തിരിവിൽ ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പുതുനഗരം അടിച്ചിറ പ്രഭാകരന്റെ മകനും മലബാർ സിമന്റ്സ് കെമിക്കൽ എൻജിനീയറുമായ നിശ്ചയ് (24) മരിച്ചിരുന്നു.
ഫയർഫോഴ്സ് ജീവനക്കാരെത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ബൈക്ക് ചിറ്റൂർ ഭാഗത്തേക്കും ടിപ്പർ തത്തമംഗലം ഭാഗത്തേക്കും പോകുകയായിരുന്നു. ജനുവരി ഒന്നിനു കള്ളുകടത്ത് വാഹനവും ബൈക്കും കൂട്ടിയിടിച്ച് കോയന്പത്തൂർ കുനിയമുത്തൂർ സ്വദേശികളായ രണ്ടു കോളജ് വിദ്യാർഥികൾ സംഭവസ്ഥലത്തു മരിച്ചിരുന്നു.
പത്തുവർഷത്തിനിടെ ഈ വളവിൽ നടന്ന അപകടങ്ങളിൽ പതിനഞ്ചു യാത്രക്കാർക്കു ജീവഹാനിയുണ്ടായെന്ന് സമീപവാസികൾ പറഞ്ഞു.എൽ ആകൃതിയിൽ കുത്തനെയുള്ള ഈ വളവുമൂലം എതിർവശത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുഭാഗത്തുനിന്നും മുഖാമുഖം എത്തുന്പോഴാണ് തിരിച്ചറിയുന്നത്. ഇരുവാഹനങ്ങളും അപകടം ഒഴിവാക്കാൻ വെട്ടിതിരിക്കുന്പോഴാണ് കൂട്ടിയിടിക്കുന്നത്.
ചിറ്റൂരിൽനിന്നും തത്തമംഗലത്തേക്കു പോകുന്ന ബാസുകൾ, ടിപ്പറുകൾ ഉൾപ്പെടെയുള്ളവ റോഡിന്റെ മധ്യഭാഗത്തുനിന്നും വലതുവശത്തു കൂടിയാണ് സഞ്ചരിക്കുന്നത്. അപകടങ്ങളുണ്ടാകുന്പോൾ ഒരാഴ്ചക്കാലം ഇടതുവശത്തുകൂടി പോകുന്ന വാഹനങ്ങൾ പിന്നീട് വ്യവസ്ഥകൾ പാലിക്കാറില്ല. അപകാടവസ്ഥ തിരിച്ചറിയാൻ സ്ഥാപിച്ച സിഗ്്നൽ ലൈറ്റുകൾ ഇതുവരെയും പ്രവർത്തനക്ഷമമായിട്ടില്ല.
സ്ഥലത്തെ മിക്ക അപകടങ്ങളും രാത്രി ഒന്പതിനും പുലർച്ചെ അഞ്ചിനും ഇടയിലാണ് ഉണ്ടാകുന്നത്.വളവുറോഡിന് ഇരുവശത്തെയും താമസക്കാർ പതിനഞ്ചു മീറ്റർ വീതിയുള്ള റോഡ് മുറിച്ചുകടക്കുന്നത് ഇരുന്നൂറുമീറ്റർ ദൂരം നടന്നാണ്.മേട്ടുപ്പാളയം- ചിറ്റൂർപാലം റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളും യാത്രക്കാരും ഒരുപോലെ ആവശ്യപ്പെടുന്നത്.