എം.വി. അബ്ദുൾ റൗഫ്
മയ്യിൽ: മയ്യിലെ വ്യാപാരിയുടെ പണം കവർന്ന സംഭവത്തിൽ രണ്ട് ഇറാനിയൻ സ്വദേശികൾ അറസ്റ്റിൽ. മാജിദ് (32), മുഹ്സിൻ (45) എന്നിവരെയാണ് മയ്യിൽ എസ്ഐ വി.ആർ. വിനീഷ്, എഎസ്ഐ എ. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചേർത്തലയിലെ മെറ്റൽ ഏജൻസിയിൽ നിന്ന് 34,000 രൂപ കവർന്ന കേസിൽ അറസ്റ്റിലായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ എട്ടിന് രാത്രിയാണ് മയ്യിൽ എട്ടിൽ പഴം-പച്ചക്കായ് വ്യാപാരം നടത്തുന്ന ശ്രീനിവാസ 80, 000 ഓളം രൂപ കവർന്നത്.
കാറിലെത്തിയ നാലംഗസംഘം കടയുടെ അമ്പത് മീറ്ററോളം ദൂരെ കാർ നിർത്തിയ ശേഷം രണ്ടു പേർ കടയിലെത്തുകയും സെയിൽസ്മാൻ മിഥിലാജിനോട് പഴം ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഡോളർ നൽകിയെങ്കിലും സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇരുവരും റോഡിലേക്ക് പോവുകയും സെയിൽസ്മാൻ കടയ്ക്ക് അകത്തേക്ക് പോയ സമയത്ത് മേശവലിപ്പിൽ നിന്ന് പണം കവരുകയുമായിരുന്നു.
മയ്യിൽ പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കവർച്ചയ്ക്കിടെ കഴിഞ്ഞ 13 ന് ഇറാനിയൻ സംഘം തിരുവനന്തപുരത്ത് അറസ്റ്റിലായ വാർത്ത വന്നതോടെയാണ് ഈ സംഘമാണ് പണം തട്ടിയതെന്ന് വ്യക്തമായത്.
മിഥിലാജിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മയ്യിലിലെ തലശേരി റസ്റ്റോറിന്റെ സിസിടിവി യിൽ നിന്ന് പ്രതികൾ എത്തിയ സാൻഡ്രോ കാറിന്റെ ദൃശ്യം ലഭിച്ചിരുന്നു.
എട്ടിന് രാത്രി 8.15 ഓടെ പ്രതികൾ സഞ്ചരിച്ച കാർ കണ്ണൂർ ഭാഗത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
കാസർഗോഡ് ഭാഗത്ത് നിന്നാണ് പ്രതികൾ മയ്യിലിലെത്തിയത്. ‘അറ്റൻഷൻ ചേഞ്ച് ടെസ്റ്റ്’ രീതിയിലൂടെയാണ് പ്രതികൾ പണം കവരുന്നതെന്ന് പോലീസ് സംഘം പറഞ്ഞു.
സ്ഥാപനത്തിലുള്ളവരുടെ ശ്രദ്ധ മാറ്റിയ ശേഷം പണം കവരുകയാണ് തട്ടിപ്പിന്റെ രീതി. ചേർത്തലയിലെ മെറ്റൽ എജൻസിയിൽ കൗണ്ടറിലെത്തി ഡോളർ കാണിച്ച ശേഷം പരിശോധിക്കുന്നതിനിടെയാണ് പണം കവർന്നത്.
200 ഓളം ഇറാനിയൻ സംഘം ഓൺലൈൻ ബിസിനസിനായി ഒരു വർഷം മുമ്പ് ഇന്ത്യയിലേക്ക് എത്തിയതായും വീസ കാലാവധി കഴിഞ്ഞ് തിരിച്ച് പോയിട്ടില്ലെന്നും രഹസ്യാന്വേഷണ ഏജൻസികളും കണ്ടെത്തിയിട്ടുണ്ട്.
പോലീസ് ചോദ്യം ചെയ്യലിൽ അറബി, ഇംഗ്ലീഷ് ഭാഷകൾ അറിയാമെന്ന് പ്രതികൾ പറഞ്ഞിരുന്നെങ്കിലും ഈ രണ്ടു ഭാഷകളും പ്രതികൾക്ക് വശമില്ലെന്നാണ് പോലീസ് പറയുന്നത്.
കൂടുതൽ അന്വേഷണത്തിന് പ്രതികളെ വിട്ടുകിട്ടുന്നതിനായി തിങ്കളാഴ്ച കണ്ണൂർ കോടതിയിൽ മയ്യിൽ പോലീസ് പ്രൊഡക്ഷൻ വാറൻറും കസ്റ്റഡി അപേക്ഷയും നൽകും.
പ്രതികളെ വിട്ടുകിട്ടിയശേഷം മയ്യിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സിവിൽ പോലീസ് ഓഫീസർ സി.കെ. ഉനൈസ്, നവാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.